Saturday, May 9, 2026
No menu items!
Homeവാർത്തകൾവിസികെ യുടെ പിന്തുണ കത്ത് സംബന്ധിച്ച് അനിശ്ചിതത്വം; വിജയ് യുടെ...

വിസികെ യുടെ പിന്തുണ കത്ത് സംബന്ധിച്ച് അനിശ്ചിതത്വം; വിജയ് യുടെ സത്യപ്രതിജ്ഞാ പ്രഖ്യാപനം ഗവർണർ രാജേന്ദ്ര അർലേക്കർ വൈകിപ്പിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ നാടകങ്ങൾ പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. ടിവികെ അധ്യക്ഷൻ വിജയ് ശനിയാഴ്‌ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, വിടുതലൈ ചിരുതൈകൾ കച്ചിയിൽ (വിസികെ) നിന്നുള്ള നിർണായക പിന്തുണ കത്ത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതാണ് ഇതിന് കാരണം. ഇതോടെ ഔദ്യോഗിക സത്യപ്രതിജ്ഞാ പ്രഖ്യാപനം ഗവർണർ രാജേന്ദ്ര അർലേക്കർ വൈകിപ്പിച്ചു.

ലോക് ഭവൻ വൃത്തങ്ങൾ പറയുന്നത് അനുസരിച്ച് വിസികെയുടെ ഔദ്യോഗിക പിന്തുണ കത്ത് ഗവർണർ ഇപ്പോഴും കാത്തിരിക്കുകയാണ്. വെള്ളിയാഴ്‌ച വൈകുന്നേരം ഗവർണറെ കണ്ട വിജയ് 116 എംഎൽഎമാരുടെ ഒപ്പുകൾ സമർപ്പിച്ചിരുന്നു. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 എംഎൽഎമാരുടെ പിന്തുണയാണ് ആവശ്യം.
നേരത്തെ, വിസികെയും ഐയുഎംഎലും ടിവികെയ്ക്ക് പിന്തുണ നൽകിയതോടെ സഖ്യത്തിന് 120 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും വിജയ് ശനിയാഴ്‌ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നാടകീയമായി ഐയുഎംഎൽ തമിഴക വെട്രി കഴകത്തിന് (ടിവികെ) നിരുപാധിക പിന്തുണ നൽകിയത് നിഷേധിച്ച് രംഗത്തെത്തി. തങ്ങൾ ഡിഎംകെയോടൊപ്പം തുടരുമെന്നാണ് അവർ അറിയിച്ചത്.

ടിവികെ നേതാക്കൾ കഴിഞ്ഞ രണ്ട് മണിക്കൂറിലേറെയായി വിസികെ അധ്യക്ഷൻ തോൾ തിരുമാവളവനെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെങ്കിലും അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. വിസികെയുടെ ഔദ്യോഗിക പിന്തുണ കത്ത് ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച് രാജ്ഭവൻ പ്രഖ്യാപനം നടത്താൻ സാധ്യതയുള്ളൂ എന്നും സൂചനയുണ്ട്. അതിനിടെ വിസികെ പിന്തുണയുടെ കാര്യത്തിൽ ശനിയാഴ്‌ച തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്നാം തവണയാണ് വിജയ് ഗവർണറെ സന്ദർശിച്ചത്. ഇതിന് മുമ്പ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഈ നീക്കങ്ങൾ കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവരുടെ തിരഞ്ഞെടുപ്പിന് ശേഷമുള്ള പിന്തുണയെ തുടർന്നാണ്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ വിസികെ, സിപിഐ, സിപിഎം എന്നിവർ മുമ്പ് ഡിഎംകെയുടെ സഖ്യകക്ഷികളായിരുന്നു. അവരുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് ടിവികെയെ പിന്തുണയ്ക്കാൻ ഈ കക്ഷികൾ തീരുമാനിച്ചത്.

അതേസമയം, വിജയ്‌യുടെ സത്യപ്രതിജ്ഞ കാത്തിരിക്കുന്ന ലക്ഷകണക്കിന് ആരാധകർക്ക് തിരിച്ചടിയാണ് പുതിയ സംഭവ വികാസങ്ങൾ. നിയസഭാ തിരഞ്ഞെടുപ്പിലെ ടിവികെ വിജയം പോലെ തന്നെ അപ്രതീക്ഷിതമായാണ് സംഭവങ്ങളാണ് നിലവിൽ തമിഴകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ശനിയാഴ്‌ച്ചയോടെ വിജയ്‌യുടെ സർക്കാർ രൂപീകരണത്തിന്റെയും സത്യപ്രതിജ്ഞയുടെയും കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments