ന്യൂഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലുണ്ടായ ഭീകരമായ തീപ്പിടിത്തത്തിന് കാരണമായത് കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിർമ്മാണ രീതിയും അടിയന്തര ഘട്ടങ്ങളിൽ രക്ഷപ്പെടാനുള്ള വഴികളുടെ അഭാവവും മൂലമെന്ന് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ സംഭവത്തിൽ ഒരു കുടുംബത്തിലെ അംഗങ്ങൾ ഉൾപ്പെടെ ഒമ്പത് പേർക്കാണ് ജീവൻ നഷ്ടമായത്.ഈ ദുരന്തം നഗരത്തിലെ കെട്ടിട സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചകൾ വെളിപ്പെടുത്തുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. കെട്ടിടത്തിൽ ഒരേയൊരു ഗോവണി മാത്രമാണ് ഉണ്ടായിരുന്നത്. ടെറസിലേക്കുള്ള വാതിൽ പൂട്ടിക്കിടന്നതിനാൽ കുടുങ്ങിപ്പോയവർക്ക് പുറത്തുകടക്കാൻ സാധിച്ചില്ലെന്നും ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ജനലുകളിലെ ഇരുമ്പ് ഗ്രില്ലുകളും പുക നിറഞ്ഞ ഇടനാഴികളും രക്ഷാപ്രവർത്തനത്തിന് വലിയ തടസമായി മാറിയിരുന്നു. എസി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച പുലർച്ചെ 3.30-നും നാലുമണിക്കും ഇടയിൽ, താമസക്കാർ ഉറങ്ങിക്കത്തിലായിരുന്ന സമയത്താണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലുടനീളം തീ അതിവേഗം പടർന്നതിനാൽ ആർക്കും പെട്ടെന്ന് പ്രതികരിക്കാൻ സമയം ലഭിച്ചില്ല.
ഷാഹ്ദരയിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ ഒരു കൊച്ചു കുട്ടിയും മരിച്ചതായും രക്ഷാപ്രവർത്തനത്തിനിടെ പന്ത്രണ്ടിലധികം താമസക്കാരെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു. പരിക്കേറ്റ രണ്ട് മൂന്ന് പേരെ ആശുപത്രിയിലേക്ക് അയച്ചതായും ഷാഹ്ദര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേന്ദ്ര പ്രസാദ് മീണ പറഞ്ഞു. സംഭവത്തിൽ ഒമ്പത് പേർ മരിച്ചതായും തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച്, കെട്ടിടത്തിന് ഒരു ഗോവണി മാത്രമേ ഉണ്ടായിരുന്നുള്ളൂ, എമർജൻസി എക്‌സിറ്റ് ഇല്ലായിരുന്നു. ഇത് താമസക്കാർക്ക് പുറത്തുകടക്കാൻ മറ്റ് വഴികളില്ലാത്ത അവസ്ഥയുണ്ടാക്കി. കൂടാതെ, രക്ഷപ്പെടാനുള്ള ഒരു മാർഗമായിരുന്ന ടെറസിലേക്കുള്ള ഗോവണി പൂട്ടിയിട്ടിരുന്നു. ജനലുകളിലെ ഇരുമ്പ് ഗ്രില്ലുകൾ ജനങ്ങൾ പുറത്തുകടക്കുന്നത് തടസപ്പെടുത്തി. ഇവയെല്ലാം ചേർന്ന് ആ കെട്ടിടത്തെ ഒരു മരണക്കെണിയാക്കുകയായിരുന്നു.തീ അതിവേഗം പടർന്നതിനാൽ മുകളിലത്തെ നിലകളിൽ കുടുങ്ങിയവർക്ക് മേൽക്കൂരയിലോ കെട്ടിടത്തിന് പുറത്തോ എത്താൻ കഴിഞ്ഞില്ലെന്ന് താമസക്കാർ പറഞ്ഞു. നിരവധി പേരെ രക്ഷപ്പെടുത്തിയെങ്കിലും ഈ തടസ്സങ്ങൾ ഒഴിപ്പിക്കൽ ദുഷ്‌കരമാക്കുകയും രക്ഷാപ്രവർത്തനം വൈകിപ്പിക്കുകയും ചെയ്തതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം, എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതോ ഇലക്ട്രിക്കൽ തകരാറോ ആകാം തീപ്പിടിത്തത്തിന് കാരണമായത്. കൃത്യമായ കാരണം അന്വേഷിച്ചുവരികയാണ്. പൂട്ടിയിട്ട എക്‌സിറ്റുകളും ഫയർ എസ്‌കേപ്പ് റൂട്ടുകളുടെ അഭാവവും ഉൾപ്പെടെയുള്ള റസിഡൻഷ്യൽ കെട്ടിടങ്ങളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഈ സംഭവം വലിയ ആശങ്കയുയർത്തുന്നതായി അധികൃതർ പറഞ്ഞു.



