Friday, April 17, 2026
No menu items!
Homeവാർത്തകൾതെരഞ്ഞെടുപ്പ് കമീഷൻ, പോസ്റ്റൽ ബാലറ്റ് വിതരണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണവുമായി സർക്കാർ ജീവനക്കാരുടെ...

തെരഞ്ഞെടുപ്പ് കമീഷൻ, പോസ്റ്റൽ ബാലറ്റ് വിതരണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടന

തിരുവനന്തപുരം: പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റ് വിതരണത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എഫ്.എസ്.ഇ.ടി.ഒ) രംഗത്ത്. കമീഷൻ പുറത്തുവിട്ട കണക്കുകൾ തെറ്റാണെന്നും സംസ്ഥാനത്തെ 20,145 ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചിട്ടില്ലെന്നും സംഘടന ആരോപിച്ചു. തെരഞ്ഞെടുപ്പ് ജോലിയിൽ ആകെ എത്ര ജീവനക്കാരെ നിയോഗിച്ചു എന്ന കൃത്യമായ കണക്ക് പോലും പുറത്തുവിടാൻ കമീഷൻ തയ്യാറായിട്ടില്ല. 96 ശതമാനത്തിലധികം പേർ വോട്ട് ചെയ്തുവെന്ന കമീഷന്‍റെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്നും, പോളിങ് സാമഗ്രികൾ സ്വീകരിക്കുന്നതിന് തൊട്ടുമുമ്പ് വരെ വെറും 40 ശതമാനം പേർക്ക് മാത്രമാണ് വോട്ട് ചെയ്യാനായതെന്ന് കമീഷൻ തന്നെ സമ്മതിച്ചിരുന്നതായും സംഘടന ചൂണ്ടിക്കാട്ടി. വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെട്ട മുഴുവൻ ജീവനക്കാർക്കും അതിനുള്ള സൗകര്യം കമീഷൻ ഒരുക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിലേക്കും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് മാർച്ച്. രാവിലെ 10.30ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ ബി.എൽ.ഒമാരുടെ വേതന കുടിശ്ശിക അനുവദിക്കുക, ഇവർക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളിൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. അതിനിടെ, പോസ്റ്റൽ വോട്ട് നിഷേധിക്കപ്പെട്ട വിഷയം നിയമപോരാട്ടത്തിലേക്കും നീങ്ങിയിട്ടുണ്ട്. കുറ്റ്യാടി മണ്ഡലത്തിലെ പത്ത് ഉദ്യോഗസ്ഥർ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചു. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപ് തങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക സൗകര്യം ഒരുക്കണമെന്നാണ് ഹരിജിയിലെ പ്രധാന ആവശ്യം. ഉദ്യോഗസ്ഥരുടെ ഈ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമീഷന്‍റെ കണക്കുകളിലെ വൈരുദ്ധ്യവും ഉദ്യോഗസ്ഥരുടെ പ്രതിഷേധവും വോട്ടെണ്ണലിന് മുന്നോടിയായി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments