ന്യൂഡല്‍ഹി : വനിതാ സംവരണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാലിന് വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. 12 മണിക്കൂര്‍ ചര്‍ച്ചയാണ് അനുവദിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ 15 മുതല്‍ 18 മണിക്കൂര്‍ വരെ ചര്‍ച്ച നീട്ടാമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു. ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാകാന്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ വേണം. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭയില്‍ പാസ്സാകാന്‍ 360 എംപിമാരുടെ പിന്തുണ വേണം. എന്നാല്‍ ഭരണകക്ഷിയായ എന്‍.ഡി.എക്ക് 293 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. 67 എംപിമാരുടെ പിന്തുണ കൂടി കേന്ദ്രസര്‍ക്കാരിന് വേണ്ടി വരും.ബില്ലിന്മേല്‍ പുലര്‍ച്ചെ ഒരു മണി വരെ ലോക്‌സഭയില്‍ ചര്‍ച്ച നടന്നു. വനിതാ സംവരണത്തെ മണ്ഡല പുനര്‍ നിര്‍ണയവുമായി കൂട്ടിക്കെട്ടുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷം. വളഞ്ഞ വഴിയിലൂടെ രാജ്യത്ത് ഭരണം നിലനിര്‍ത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും നടത്തുന്നതെന്നാണ് പ്രതിപക്ഷം കുറപ്പെടുത്തുന്നത്.
2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ രാജ്യമൊട്ടാകെ മണ്ഡല പുനർനിർണയം നടത്തി 50 ശതമാനം സീറ്റുകൾ വർധിപ്പിച്ച ശേഷം ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള മൂന്ന് ബില്ലുകൾ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ഒരു ഭരണഘടനാ ഭേദഗതി ഉള്ളതിനാൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം ആവശ്യമുണ്ടായിരിക്കേ ഹാജരായ 436 അംഗങ്ങളിൽ 251 പേർ മാത്രം അനുകൂലമായി വോട്ടുചെയ്തത് മൂന്ന് ബില്ലുകളുടെ അവതരണത്തിൽ സർക്കാറിന് തിരിച്ചടിയായി. ഇതിനിടെ, ഭരണഘടനാ ഭേദഗതി പാസാക്കാനുള്ള വോട്ടുകൾ സർക്കാറിന്റെ പക്കലില്ലെന്ന് വ്യക്തമായതോടെ 2011ലെ സെൻസസ് അടിസ്ഥാനമാക്കുന്നതിന് പകരം എല്ലാ സംസ്ഥാനങ്ങൾക്കും ലോക്സഭാ മണ്ഡലങ്ങളിൽ 50 ശതമാനം വർധന നൽകാമെന്ന നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവെച്ചതും പ്രതിപക്ഷം തള്ളി.1971ലെ സെൻസസ് അടിസ്ഥാനമാക്കി നടത്തിയ മണ്ഡല പുനർനിർണയത്തിലൂടെ നിശ്ചയിച്ച നിലവിലുള്ള 543 ലോക്സഭാ സീറ്റുകളിൽ 33 ശതമാനം വനിതകൾക്ക് സംവരണം നൽകുകയാണ് വേണ്ടതെന്നും നിലവിലുള്ള ഘടനയിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, കോൺഗ്രസ് നേതാവ് മനീഷ് തിവാരി തുടങ്ങിയവർ വ്യക്തമാക്കി. അതേസമയം, ജാതി സെൻസസ് പൂർത്തിയാക്കി വനിതാ സംവരണത്തിനുള്ളിൽ മുസ്‍ലിം വനിതകൾക്കും പിന്നാക്ക വനിതകൾക്കും സംവരണം നടപ്പാക്കണമെന്നതാണ് സമാജ്‍വാദി പാർട്ടിയുടെ നിലപാടെന്നും ബില്ലിനെ എതിർക്കുമെന്നും സമാജ്‍വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവും ധർമേന്ദ്ര യാദവും വ്യക്തമാക്കി. ബില്ലുകളുടെ അവതരണത്തെ തന്നെ ചട്ടങ്ങളുദ്ധരിച്ച് പ്രതിപക്ഷാംഗങ്ങൾ എതിർത്തുവെങ്കിലും കീഴ്വഴക്കങ്ങൾ പ്രകാരം അവതരണത്തിന് അനുമതി നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാദിച്ചു.ഈ വാദം സ്പീക്കർ ഓം ബിർള അംഗീകരിച്ചതോടെ, ബിൽ അവതരണത്തിന് സഭയുടെ അനുമതിക്കായി വോട്ടെടുപ്പ് നടത്തണമെന്ന് അസദുദ്ദീൻ ഉവൈസിയാണ് ആദ്യം ആവശ്യപ്പെട്ടത്. തുടർന്ന് മറ്റു പ്രതിപക്ഷ എം.പിമാരും ഇതേ ആവശ്യമുന്നയിച്ചതോടെ വോട്ടിനിടുകയായിരുന്നു.തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭരണപക്ഷവും സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷവും തമ്മിലുള്ള വാദ പ്രതിവാദത്തിന് സഭ സാക്ഷ്യം വഹിച്ചു. വനിതാ സംവരണം നടപ്പാക്കാനുള്ള മൂന്ന് ബില്ലുകളിലൂടെ തെക്കും വടക്കുമുള്ളതോ ചെറുതും വലുതുമായതോ സംസ്ഥാനങ്ങൾക്കിടയിൽ ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നും ആരോടും അന്യായം കാണിച്ചിട്ടില്ലെന്നും ബില്ലുകളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. എന്നാൽ, മണ്ഡല പുനർനിർണയം എന്ന വാക്ക് ഉച്ചരിക്കാതെ നടത്തിയ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നാടകം കളിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി



