Monday, April 20, 2026
No menu items!
Homeവാർത്തകൾവേനലവധിയില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

വേനലവധിയില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ കുട്ടികള്‍ക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്. ഇത് കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും ചട്ടവിരുദ്ധമായി ക്ലാസുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ചുട്ടുപൊള്ളുന്ന വേനല്‍ചൂട് കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ പുതുക്കിയ തൊഴില്‍ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍, കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. കഠിനമായ ചൂടില്‍ സ്‌കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുന്‍ ഉത്തരവുകള്‍ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല.സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ സ്ട്രീമുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിര്‍ദ്ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ്. അവധിക്കാല ക്ലാസുകള്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ യാതൊരു കാരണവശാലും സ്‌പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments