ന്യൂഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ പുകഴ്ത്തി ഇറാൻ രംഗത്ത്. സംഘർഷം തീർക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതാർഹമെന്ന് ഇറാൻ അംബാസഡർ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ കപ്പലുകൾക്ക് സുരക്ഷിത പാത കിട്ടുമെന്നും ഇറാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരു കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്നിരുന്നു.
എൽപിജി നിറച്ച ഒരു ഇന്ത്യൻ കപ്പൽ കൂടിയാണ് ഹോർമുസ് കടലിടുക്ക് കടന്നത്. ഗ്രീൻ ആശ എന്ന കപ്പലാണ് സുരക്ഷിതമായി കടലിടുക്ക് കടന്നതായി അധികൃതർ അറിയിച്ചത്. 15,400 ടൺ എൽപിജിയാണ് കപ്പലിലുള്ളത്. ഇതോടെ യുദ്ധം തുടങ്ങിയ ശേഷം കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം എട്ടായി. ആകെ 87000 ടൺ എൽപിജി നിറച്ച നാല് കപ്പലുകൾകൂടി ഉടൻ ഹോർമുസ് കടക്കാൻ കാത്തിരിക്കുകയാണ്. അതിനിടെ പശ്ചിമേഷ്യയിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ആവർത്തിച്ചു. ഹോർമുസ് കടൽപാത തുറക്കേണ്ടതിൻറെ ആവശ്യകത ഇറാൻ വിദേശകാര്യ മന്ത്രിയെ ഇന്ത്യ അറിയിച്ചതായും സൂചനയുണ്ട്. ആഗോള വ്യാപാരത്തിന് ഈ കടൽപാത അതീവ നിർണായകമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
അതേസമയം, ഇറാനിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാനുള്ള ശ്രമവുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. കൂടുതൽ എൽപിജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ എത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണത്തിലെ തടസ്സം കാരണം മൊത്തത്തിലുള്ള ഇറക്കുമതി 15% കുറഞ്ഞെങ്കിലും, ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ നിലവില്‍ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി 90 ശതമാനം വർധിച്ചു
യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40% കുറവുണ്ടായി. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞിരുന്നു. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത് കുറച്ചത്. എന്നാൽ, യുദ്ധത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിലാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നത്. അംഗോള, ഗാബൺ, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും വർദ്ധിച്ചു. മധ്യപൂർവേഷ്യൻ ഉൽപാദകർ ഹോർമുസിനെ മറികടക്കുന്ന പൈപ്പ്‌ലൈനുകൾ വഴി വിതരണങ്ങൾ ഭാഗികമായി വഴിതിരിച്ചുവിടുന്നു. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് (യാൻബു) പൈപ്പ്‌ലൈനും യുഎഇയുടെ ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈനും ഉപയോഗം വർധിപ്പിച്ചു. അതേസമയം, ഇന്ത്യൻ കപ്പലുകൾക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഏപ്രിലിലും തുടരും. അതോടൊപ്പം ഇറാനിയൻ എണ്ണ വാങ്ങാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. ഏപ്രിൽ മുതൽ ഇന്ത്യയ്ക്ക് വെനിസ്വേലൻ ബാരലുകൾ ലഭിച്ചുതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുമായി ദീർഘകാല കരാറുകളുള്ള ഖത്തർ എനർജി പ്രഖ്യാപിച്ച ഫോഴ്‌സ് മജ്യൂർ, ഹോർമുസിലെ തടസ്സങ്ങൾ എന്നിവ കാരണം ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വിതരണം 92% കുത്തനെ കുറഞ്ഞു. യുഎസ്, ഒമാൻ, അംഗോള, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് തുണയായത്



