തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതം. കേരളം പോളിങ് ബൂത്തിലേക്ക് എത്താന്‍ ഇനി ഒമ്പതു ദിവസം മാത്രമാണ് ശേഷിക്കുന്നത്. പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി ആവേശം വാനോളമുയര്‍ത്തുകയാണ് മുന്നണികള്‍.
വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് ആവേശമായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ഗാന്ധി സംബന്ധിക്കും. രാവിലെ 10 ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കും. ജില്ലയിലെ 11 യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.
കണ്ണൂരിലെ പൊതുയോഗത്തിനു ശേഷം രാഹുല്‍ഗാന്ധി കോഴിക്കോട്ടേക്ക് പോകും. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും. ബാലുശ്ശേരി മുതല്‍ നന്മണ്ട വരെ ഇന്ദിരാ ഗ്യാരണ്ടി ബസ്സില്‍ സഞ്ചരിക്കും. എല്‍ഡിഎഫിന് വോട്ടു തേടി സിപിഎം പി ബി അംഗം മറിയം ധാവ്ളെ ഇന്ന് മലബാറിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുതേടി നടി ഖുശ്ബുവും കോഴിക്കോടെത്തുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തും. ത്രികോണ പോരാട്ടം നടക്കുന്ന നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പിണറായി വിജയന് പ്രചാരണയോഗങ്ങളില്‍ സംബന്ധിക്കും. എസ്ഡിപിഐ ബന്ധത്തില്‍ രാഷ്ട്രീയ വിവാദം നിലനില്‍ക്കവെ, മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.



