തെഹ്റാൻ/ തെൽഅവീവ്: പശ്ചിമേഷ്യയിൽ വരുംദിവസങ്ങളിലും യുദ്ധം തുടരുമെന്ന സൂചന നൽകി ചൊവ്വാഴ്ചയും ഇറാനിൽ സംയുക്താക്രമണവുമായി യു.എസും ഇസ്രായേലും. ‘ഓപറേഷൻ എപിക് ഫ്യൂരി’ എന്ന പേരിൽ ശനിയാഴ്ച തുടങ്ങിയ ആക്രമണത്തിൽ 787 പേർ കൊല്ലപ്പെട്ടുവെന്നാണ് ഇറാൻ റെഡ്ക്രെസന്റ് റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ തലസ്ഥാന നഗരമായ തെഹ്റാനിലെ നിരവധി സർക്കാർ മന്ദിരങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇറാന്റെ പ്രധാന സൈനിക വിഭാഗമായ ഐ.ആർ.ജി.സിയുടെ ബൂശഹ്ർ കേന്ദ്രം ആക്രമിക്കപ്പെട്ടു. ഇവിടെ അഞ്ചു സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനകം 1039 ആക്രമണങ്ങൾ നടന്നതായും 504 കേന്ദ്രങ്ങളിൽ ബോംബ് പതിച്ചതായും ഇറാൻ റെഡ്ക്രസന്റ് അറിയിച്ചു. ആക്രമണം ഉടൻ അവസാനിപ്പിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും വ്യക്തമാക്കി. യുദ്ധം തുടങ്ങിയത് യു.എസും ഇസ്രായേലുമാണെന്നും അതിനാൽ അവർതന്നെ ആക്രമണം അവസാനിപ്പിക്കട്ടെയെന്ന് ഇറാനും അറിയിച്ചതോടെ, വരുംനാളുകളിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ശക്തമാകുമെന്ന് ഉറപ്പായി. തിരിച്ചടിച്ച് ഇറാനും ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽതന്നെ തിരിച്ചടി തുടങ്ങിയ ഇറാൻ ചൊവ്വാഴ്ച പ്രത്യാക്രമണം കടുപ്പിച്ചു. കഴിഞ്ഞദിവസം, സൗദി അറേബ്യയിലെ റഅ്സ് തനൂറ എണ്ണ ശുദ്ധീകരണ ശാലക്കുനേരെ ആക്രമണം നടത്തിയ ഇറാൻ ചൊവ്വാഴ്ച റിയാദിലെ യു.എസ് എംബസി ലക്ഷ്യമിട്ടും ഡ്രോണുകൾ പായിച്ചു. സംഭവത്തിൽ എംബസിയിൽ ചെറിയ തോതിലുള്ള തീപിടിത്തമുണ്ടായി. കുവൈത്തിലും യു.എസ് എംബസിക്കുനേരെ ആക്രമണശ്രമമുണ്ടായി. ബഹ്റൈനിലെ യു.എസ് സൈനിക നിലയത്തിനുനേരെ മിസൈൽ പായിച്ച ഇറാൻ അവിടെ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ് തകർത്തതായി അവകാശപ്പെട്ടു. ഒമ്പത് ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ചൊവ്വാഴ്ച പ്രത്യാക്രമണം നടത്തിയിട്ടുണ്ട്. ഇസ്രായേലിലേക്കും ഇറാൻ മിസൈൽ വർഷം നടത്തി. നാല് ദിവസത്തിനിടെ, ഇസ്രായേലിൽ 11 പേരാണ് ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാന്റെ പ്രത്യാക്രമണം രൂക്ഷമായ സാഹചര്യത്തിൽ, കുവൈത്തിലെയും റിയാദിലെയും എംബസികൾ അടക്കാൻ യു.എസ് തീരുമാനിച്ചു. 14 ഗൾഫ് രാജ്യങ്ങളിലെയും പൗരന്മാരോട് മടങ്ങാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിർദേശിച്ചിട്ടുണ്ട്. ജർമനി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും സമാന നടപടികൾ പ്രഖ്യാപിച്ചു. ഇസ്രായേൽ സൈന്യം ലബനാനിൽകഴിഞ്ഞദിവസം, ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ വ്യോമാക്രമണം നടത്തിയ ഇസ്രായേൽ, ചൊവ്വാഴ്ച അവിടെ കരയുദ്ധത്തിനും തുടക്കംകുറിച്ചു. ഇതോടെ, ദക്ഷിണ ബൈറൂത്തിൽനിന്ന് കൂട്ടപ്പലായനം ആരംഭിച്ചു. ഇതിനകം, 30,000ത്തിലധികം പേർ നഗരം വിട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മേഖലയിലെ 52 ഗ്രാമങ്ങൾ ഇസ്രായേൽ സൈന്യം ഒഴിപ്പിച്ചു. 30 ഗ്രാമങ്ങൾകൂടി ഒഴിയാനും നിർദേശിച്ചിട്ടുണ്ട്. കരയാക്രമണത്തിന് സമാന്തരമായി വ്യോമാക്രമണവും തുടരുന്നുണ്ട്. ഇതിനകം 60ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്



