ന്യൂഡൽഹി: 1928 ഫെബ്രുവരി 28: കൊൽക്കത്തയിലെ ഒരു കൊച്ചു പരീക്ഷണശാല. എല്ലാം കൂടി ഏകദേശം 400 രൂപ വിലവരുന്ന മെർക്കുറി ആർക്ക് വിളക്കും ചെറിയ സ്പെക്ട്രോഗ്രാഫും ഉപയോഗിച്ച് സി.വി. രാമൻ ഒരു തകർപ്പൻ ചോദ്യം ചോദിച്ചു: വെളിച്ചം ഒരു വസ്തുവിലൂടെ കടന്നുപോകുമ്പോൾ അതിൽ എന്ത് സംഭവിക്കുന്നു? അദ്ദേഹം അന്വേഷിച്ചു, കണ്ടെത്തി. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിൽ സൂക്ഷ്മമായ മാറ്റം സംഭവിക്കുന്നു. ഇതാണ് ഇന്ന് നാം വിളിക്കുന്ന രാമൻ പ്രഭാവം (Raman Effect). അന്ന് അത് മൗലിക ഭൗതികശാസ്ത്രത്തിലെ ഒരു കൗതുകമായിരുന്നു. ഇന്ന് അത് നമ്മുടെ ജീവിതത്തിന്റെ നിരവധി മേഖലകളിൽ നിർണ്ണായകമായ സാങ്കേതികവിദ്യയായി വികസിച്ചിരിക്കുന്നു. 400 രൂപയുമായി ആരംഭിച്ച ചോദ്യത്തിന്റെ പ്രയോഗവ്യാപ്തി ഇന്ന് കോടികൾ വിലവരുന്ന ഉപകരണങ്ങളായി വളർന്നിരിക്കുന്നു. ശാസ്ത്രം ജീവിതത്തെ സ്പർശിക്കുന്ന ചില പ്രധാന മേഖലകൾ-ഇന്ന് രാമൻ സ്പെക്ട്രോസ്കോപ്പി: കോഴിമുട്ട ലിംഗനിർണയം: കോഴിമുട്ട വിരിയുന്നതിന് മുമ്പ് കുഞ്ഞ് പെണ്ണോ ആണോ എന്ന് തിരിച്ചറിയാൻ രാമൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിലൂടെ ആൺകുഞ്ഞുങ്ങളെ വിരിഞ്ഞശേഷം കൊന്നൊടുക്കുന്ന ക്രൂരത ഒഴിവാക്കാൻ സാധിക്കുന്നു. ശാസ്ത്രം ഇവിടെ കാരുണ്യപരമായ നൈതിക മാറ്റത്തിന് വഴിയൊരുക്കി. ഫോറൻസിക് ശാസ്ത്രം: രക്തക്കറകൾ, മയക്കുമരുന്നുകൾ, സ്ഫോടകവസ്തുക്കൾ, പ്ലാസ്റ്റിക് കണങ്ങൾ, സൂക്ഷ്മ ഫൈബർ തെളിവുകൾ എന്നിവയുടെ രാസഘടന നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാൻ കഴിയും. കുറ്റാന്വേഷണം കൂടുതൽ കൃത്യവും ശാസ്ത്രീയവുമായി. അർബുദ നിർണയവും ശസ്ത്രക്രിയയും: ട്യൂമർ കോശങ്ങളെയും ആരോഗ്യകോശങ്ങളെയും തമ്മിൽ വേർതിരിച്ചറിയാൻ രാമൻ സ്പെക്ട്രോസ്കോപ്പി സഹായിക്കുന്നു. ശസ്ത്രക്രിയയ്ക്കിടെ ട്യൂമറിന്റെ അതിർത്തി കൃത്യമായി കണ്ടെത്താൻ ഇത് ഉപയോഗിക്കുന്നത് ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതമാക്കുന്നു. ഔഷധ വ്യവസായം: മരുന്നുകളുടെ രാസഘടന കൃത്യമായി പരിശോധിക്കാനും വ്യാജമരുന്നുകൾ കണ്ടെത്താനും രാമൻ സംവിധാനം സഹായിക്കുന്നു. മരുന്ന് നിർമ്മാണത്തിലെ ഗുണനിലവാര നിയന്ത്രണം ഇതിലൂടെ കൂടുതൽ ശക്തമാകുന്നു. ബഹിരാകാശ ഗവേഷണം: ചൊവ്വയിലേക്കുള്ള റോവറുകളിൽ പാറകളിലെ ജൈവചിഹ്നങ്ങൾ പരിശോധിക്കാൻ രാമൻ ഉപകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവന്റെ സൂചനകൾ തേടിയുള്ള മനുഷ്യന്റെ യാത്രയിൽ രാമൻ പ്രഭാവം ഒരു പ്രധാന പങ്കാളിയാണ്. പരിസ്ഥിതി നിരീക്ഷണം: ജലമലിനീകരണം, മൈക്രോപ്ലാസ്റ്റിക് കണങ്ങൾ, വ്യാവസായിക മാലിന്യങ്ങളുടെ രാസഘടന എന്നിവ വേഗത്തിൽ വിശകലനം ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. ഒരു അടിസ്ഥാന ഭൗതികശാസ്ത്ര കണ്ടെത്തൽ ഇന്ന് ജീവൻ, നീതി, ആരോഗ്യസംരക്ഷണം, ബഹിരാകാശം, പരിസ്ഥിതി തുടങ്ങി സകല മേഖലകളെയും സ്പർശിക്കുന്നു. 1930-ൽ രാമന് നോബൽ സമ്മാനം ലഭിച്ചു. അതിനുശേഷം ഏകദേശം നൂറ് വർഷമായി ഭൗതികശാസ്ത്രത്തിലോ രസതന്ത്രത്തിലോ ഇന്ത്യയിൽ നിന്ന് മറ്റൊരു നോബൽ സമ്മാനം ഉണ്ടായിട്ടില്ല. നമ്മുടെ രാജ്യത്ത് പ്രതിഭകളില്ലാത്തതുകൊണ്ടല്ല ഇത്. വികസിത രാഷ്ട്രങ്ങൾ അവരുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 2-4 ശതമാനം ഗവേഷണത്തിനായി നിക്ഷേപിക്കുമ്പോൾ ഇന്ത്യയിൽ അത് ഏകദേശം 0.7 ശതമാനം മാത്രമാണ്. ഈ ഘട്ടത്തിൽ രാജ്യത്തെയും ശാസ്ത്രത്തെയും സ്നേഹിക്കുന്ന ഓരോരുത്തരും ചോദിക്കേണ്ടതുണ്ട്: ദീർഘകാലാടിസ്ഥാനത്തിലുള്ള ഗവേഷണങ്ങൾക്ക് നമുക്ക് മതിയായ നിക്ഷേപമുണ്ടോ? നമ്മുടെ ഗവേഷണ സ്വാതന്ത്ര്യം പര്യാപ്തമായി സംരക്ഷിക്കപ്പെടുന്നുണ്ടോ? പരാജയങ്ങളെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു സ്ഥാപനസംസ്കാരം നമുക്കുണ്ടോ? ആഗോള നിലവാരത്തിലുള്ള ഗവേഷണ ശൃംഖലകൾ വികസിച്ചിട്ടുണ്ടോ? “ശാസ്ത്രത്തിൽ സ്ത്രീകൾ: വികസിത ഭാരതത്തിന് പ്രചോദനം” എന്നതാണ് ഈ വർഷത്തെ ശാസ്ത്രദിന പ്രമേയം. സി.വി. രാമന്റെ കാലത്ത് സ്ത്രീകളുടെ ശാസ്ത്രപങ്കാളിത്തം പരിമിതമായിരുന്നു. എന്നാൽ ഇന്ന്, വികസിത ഭാരതം സൃഷ്ടിക്കാൻ നമ്മുടെ പകുതിയോളം വരുന്ന ബൗദ്ധികശേഷിയെ മാറ്റിനിർത്താനാവില്ല. സ്ത്രീകളുടെ പൂർണ്ണ പങ്കാളിത്തമില്ലാതെ ഇന്ത്യയുടെ ശാസ്ത്ര മൂലധനം അപൂർണ്ണമായിരിക്കും. രാമൻ പ്രകാശത്തിന്റെ ഭൗതിക സ്വഭാവം പഠിച്ചു. പക്ഷേ, ശാസ്ത്രത്തിന്റെ ദൗത്യം കേവലം പ്രകാശത്തെ അളക്കൽ മാത്രമല്ല, അന്ധകാരം നീക്കുക കൂടിയാണ്. അജ്ഞാനം അന്ധകാരമാണ്, അസമത്വം അന്ധകാരമാണ്, അല്പനിക്ഷേപം അന്ധകാരമാണ്. സങ്കുചിത ചിന്തകൾ കൊടിയ അന്ധകാരമാണ്. അതിനെ നീക്കം ചെയ്യാൻ ശാസ്ത്രം വെളിച്ചമാകണം; എല്ലാവരെയും ഉൾക്കൊള്ളുന്ന ചിന്തകൾ വെളിച്ചമാകണം; ദീർഘകാല നിക്ഷേപങ്ങളും ധീരമായ ചോദ്യങ്ങളും വെളിച്ചമാകണം. “തമസോ മാ ജ്യോതിർഗമയ” – ഇത് വെറുമൊരു മന്ത്രമല്ല, നമുക്ക് മുന്നോട്ട് നീങ്ങാനുള്ള ഉറച്ച പ്രതിജ്ഞയാണ്. (ആണവ ശാസ്ത്രജ്ഞനായ ലേഖകൻ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ മാധ്യമ വിഭാഗം മുൻ മേധാവിയാണ്)



