തിരുവനന്തപുരം: ആധാർ കാർഡ് കൈവശമില്ലാത്തതോ അല്ലെങ്കിൽ അത് നഷ്ടപ്പെട്ടതോ ആയ സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് ആശ്വാസമായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ എം-ആധാർ (mAadhaar) ആപ്പ് എത്തിയിരിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ ആധാർ വിവരങ്ങൾ കൂടുതൽ സുരക്ഷിതമായും എളുപ്പത്തിലും കൈകാര്യം ചെയ്യാൻ സഹായിക്കുന്ന രീതിയിലാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പരമാവധി മുൻഗണന നൽകുന്ന ഈ സംവിധാനം, വ്യക്തികളുടെ സമ്മതത്തോടെ മാത്രം വിവരങ്ങൾ കൈമാറുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപിയും ഉപയോഗിച്ച് ഇതിൽ ലോഗിൻ ചെയ്യാം. കൂടാതെ, ഫെയ്സ് റെക്കഗ്നിഷൻ, വിരലടയാളം, സുരക്ഷിതമായ പിൻ നമ്പർ എന്നിവ ഉപയോഗിച്ചുള്ള അധിക സുരക്ഷാ ക്രമീകരണങ്ങളും ആപ്പിൽ ലഭ്യമാണ്.
ലോഗിൻ നടപടികൾ പൂർത്തിയാക്കിയാൽ ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ വിവരങ്ങൾ വീണ്ടും നൽകാതെ തന്നെ കാണാൻ സാധിക്കും. പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങൾ ഫോണിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം, തിരിച്ചറിയൽ പരിശോധനകൾക്കായി ഡിജിറ്റലായി ഒപ്പിട്ട വിവരങ്ങളാണ് കൈമാറുന്നത്.
ആധാർ നമ്പർ നേരിട്ട് ഒരിടത്തും സൂക്ഷിക്കാത്തതിനാൽ വിവരങ്ങൾ ചോരുമെന്ന പേടി വേണ്ട. ആവശ്യമുള്ള വിവരങ്ങൾ മാത്രം പങ്കുവെക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹോട്ടലുകളിൽ ചെക്ക്-ഇൻ ചെയ്യുമ്പോഴോ മറ്റോ ക്യുആർ കോഡ് ഉപയോഗിച്ച് ഓഫ്‌ലൈനായി വിവരങ്ങൾ പരിശോധിക്കാൻ ഈ ആപ്പ് സഹായിക്കുന്നു.
ദൈനംദിന ജീവിതത്തിലെ വിവിധ ആവശ്യങ്ങൾക്കായി എം-ആധാർ ആപ്പ് ഏറെ പ്രയോജനകരമാണ്. സിനിമാ ടിക്കറ്റുകൾക്കും മറ്റും പ്രായം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി ഇത് ഉപയോഗിക്കാം. കൂടാതെ, കോൺടാക്റ്റ് വിവരങ്ങൾ വേഗത്തിൽ പങ്കുവെക്കാൻ ക്യുആർ അടിസ്ഥാനമാക്കിയുള്ള കോൺടാക്റ്റ് കാർഡും ആപ്പിലുണ്ട്. “ഒരു കുടുംബം, ഒരു ആപ്പ്” എന്ന ആശയത്തിലൂന്നി, ഒരേ മൊബൈൽ ഫോണിൽ അഞ്ച് ആധാർ പ്രൊഫൈലുകൾ വരെ കൈകാര്യം ചെയ്യാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ ആപ്പ്, യാത്രകളിലും മറ്റും ആധാർ കാർഡിന്റെ ഭൗതിക പകർപ്പ് കയ്യിൽ കരുതുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നു



