Monday, February 9, 2026
No menu items!
Homeവാർത്തകൾതിമിംഗലങ്ങൾക്കും ആനകൾക്കും കാൻസർ വരുന്നില്ല? കാൻസർ ഗവേഷണത്തിൽ നിർണായക വഴിത്തിരിവായി ആ ജനിതക രഹസ്യം: നേച്ചർ...

തിമിംഗലങ്ങൾക്കും ആനകൾക്കും കാൻസർ വരുന്നില്ല? കാൻസർ ഗവേഷണത്തിൽ നിർണായക വഴിത്തിരിവായി ആ ജനിതക രഹസ്യം: നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് ഏറെ പ്രതീക്ഷ നൽകുന്നു.

ന്യൂഡൽഹി: വളർത്തു മൃഗങ്ങളിലും വന്യമൃഗങ്ങളിലും മനുഷ്യരിലുമെല്ലാം കാൻസർ സാധാരണമാണെങ്കിലും ചില ഭീമൻ മൃഗങ്ങളിൽ എന്തുകൊണ്ടാണ് കാൻസർ വ്യാപകമായി കാണാത്തത് എന്നത് അത്ഭുതമാണ്. മനുഷ്യരേക്കാളെല്ലാം ദശലക്ഷക്കണക്കിന് കോശങ്ങൾ അധികമായി ഉണ്ടായിരുന്നിട്ടും, തിമിംഗലങ്ങളിലും ആനകളിലും കാൻസർ ഉണ്ടാകുന്നത് വളരെ അപൂർവമായാണ്. ‘പീറ്റോസ് പാരഡോക്സ്’ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. കൂടുതൽ ആയുസ്സുള്ള ഭീമൻ മൃഗങ്ങളിൽ ഡിഎൻഎ തകരാർ പരിഹരിക്കൽ, ട്യൂമർ സപ്രഷൻ, പ്രതിരോധ സംവിധാനങ്ങൾ എന്നിവ പരിണാമത്തിലൂടെ എങ്ങനെ വികാസം പ്രാപിച്ചു എന്നത് മനുഷ്യരിലെ കാൻസർ ഗവേഷണത്തിന് ഉൾക്കാഴ്ച നൽകുന്നു.

സാധാരണ യുക്തിയനുസരിച്ച്, ഒരു ജീവിക്ക് എത്രത്തോളം കോശങ്ങളുണ്ടോ അത്രത്തോളം കാൻസർ വരാൻ സാധ്യത കൂടുതലുണ്ട്. എന്നാൽ വലിയ മൃഗങ്ങളായ തിമിംഗലങ്ങളിലും ആനകളിലും കാൻസർ അപൂർവമാണ്. ഈ മൃഗങ്ങളുടെ കാര്യത്തിൽ ശരീരത്തിന്റെ വലിപ്പവും ആയുസ്സും വർദ്ധിക്കുന്നത് അനുസരിച്ച് കാൻസർ സാധ്യത കൂടുന്നില്ല എന്ന ഈ വിരോധാഭാസത്തെയാണ് ‘പീറ്റോസ് പാരഡോക്സ്’ എന്ന് വിളിക്കുന്നത്. 1977ൽ റിച്ചാർഡ് പീറ്റോ എന്ന ശാസ്ത്രജ്ഞനാണ് ഇത് ചൂണ്ടിക്കാട്ടിയത്. ആനകളിൽ കാൻസറിനെ തടയുന്ന ടിപി53 എന്ന ജീനിന്റെ നിരവധി പകർപ്പുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തിമിംഗലങ്ങളാകട്ടെ അർബുദം പിടിപെടാതെ ദീർഘ കാലം ജീവിക്കുന്നത് അവയുടെ ശരീരത്തിലെ ശക്തമായ ഡിഎൻഎ റിപ്പയർ എന്ന സംവിധാനം കാരണമാണ്. ഡിഎൻഎ തകരാർ പരിഹരിക്കൽ രഹസ്യങ്ങൾ കാൻസർ ഗവേഷണങ്ങളിൽ നിർണായകമാണ്. ഈയിടെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

200 വർഷത്തിലധികം ജീവിക്കുന്ന ബോഹെഡ് തിമിംഗലങ്ങൾ (Bowhead whales) മികച്ച ഉദാഹരണമാണ്. ഇവയുടെ കോശങ്ങൾ ഡിഎൻഎയിലെ കേടുപാടുകൾ, പ്രത്യേകിച്ച് ‘ഡബിൾ സ്ട്രാൻഡ് ബ്രേക്കുകൾ’ അതിശയിപ്പിക്കുന്ന കൃത്യതയോടെ പരിഹരിക്കുന്നു. മനുഷ്യരിലും തിമിംഗലങ്ങളിലും കാണപ്പെടുന്ന സിഐആർബിപി എന്ന പ്രോട്ടീൻ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ തിമിംഗലങ്ങളിലെ ഈ പ്രോട്ടീൻ കൂടുതൽ കാര്യക്ഷമമാണ്. ഇത് കേടുവന്ന ഡിഎൻഎ ഭാഗങ്ങളെ വളരെ കൃത്യമായി കൂട്ടിചേർക്കാൻ സഹായിക്കുന്നു. ശാസ്ത്രജ്ഞർ ഈ തിമിംഗല പ്രോട്ടീൻ മനുഷ്യ കോശങ്ങളിൽ പരീക്ഷിച്ചപ്പോൾ, ആ കോശങ്ങളും കൂടുതൽ കൃത്യതയോടെ ഡിഎൻഎയുടെ കേടുപാടുകൾ തീർക്കുന്നതായി കണ്ടെത്തി


തിമിംഗലങ്ങളുടെ കാൻസർ പ്രതിരോധം ഒരു പ്രോട്ടീനിൽ മാത്രം ഒതുങ്ങുന്നതല്ല. കൂനൻ തിമിംഗലങ്ങളുടെ (ഹംപ്ബാക്ക് തിമിംഗലം) ജനിതക ഘടന പരിശോധിച്ചപ്പോൾ ശരീരഘടന, പ്രതിരോധശേഷി, കോശവളർച്ച, മൃതകോശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജീനുകളിൽ വ്യാപകമായ പരിണാമപരമായ മാറ്റങ്ങൾ കണ്ടെത്തി. കേടുവന്നതോ ആരോഗ്യകരമല്ലാത്തതോ ആയ കോശങ്ങളെ തിരിച്ചറിയാനും നീക്കം ചെയ്യാനും സഹായിക്കുന്ന പല ജീനുകളുടെയും നിരവധി പകർപ്പുകൾ കൂനൻ തിമിംഗലങ്ങളിലുണ്ട്. കേടുവന്ന കോശങ്ങൾ കാൻസറായി മാറുന്നതിന് മുൻപ് തന്നെ അവയെ നശിപ്പിക്കാനുള്ള പ്രത്യേക കഴിവ് ഈ ജീനുകൾ തിമിംഗലങ്ങൾക്ക് നൽകുന്നു. തൽഫലമായി, ഇവയുടെ ശരീരത്തിൽ ജനിതക വ്യതിയാനങ്ങൾ വളരെ സാവധാനത്തിൽ മാത്രമേ സംഭവിക്കുന്നുള്ളൂ.

ഭീമൻ മൃഗങ്ങൾ പരിണാമത്തിലൂടെ നേടിയെടുത്ത ഈ പ്രതിരോധ തന്ത്രങ്ങൾ മനുഷ്യരിലെ കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. തിമിംഗലങ്ങളിലെ സിഐആർബിപി പ്രോട്ടീന് സമാനമായ മരുന്നുകൾ വികസിപ്പിക്കുന്നത് കോശങ്ങളിലെ കേടുപാടുകൾ തീർക്കാൻ സഹായിക്കും. തിമിംഗലങ്ങളിലേതു പോലെ കോശങ്ങളെ സംരക്ഷിച്ചുകൊണ്ട് ശരീരത്തിന്റെ ഡിഎൻഎ റിപ്പയറിങ് മെക്കാനിസം ശക്തിപ്പെടുത്തി കാൻസറിലേക്ക് നയിച്ചേക്കാവുന്ന സാധ്യതകൾ തുടക്കത്തിലേ തടയാൻ കഴിഞ്ഞാൽ കാൻസറിനെ പേടിക്കേണ്ടാത്ത കാലം വരും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments