Thursday, March 26, 2026
No menu items!
Homeവാർത്തകൾഇന്ത്യ-യു.എസ് വ്യാപാര കരാർ: ഓഹരി വിപണിയിൽ കുതിപ്പ്; 26300 കടന്ന് നിഫ്റ്റി, സെൻസെക്സ് റെക്കോഡ് നിലവാരത്തിലേക്ക്

ഇന്ത്യ-യു.എസ് വ്യാപാര കരാർ: ഓഹരി വിപണിയിൽ കുതിപ്പ്; 26300 കടന്ന് നിഫ്റ്റി, സെൻസെക്സ് റെക്കോഡ് നിലവാരത്തിലേക്ക്

മുംബൈ: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം. വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽതന്നെ സെൻസെക്സ് 2,400 പോയിന്റിലധികം ഉയർന്ന് 85,000 എന്ന റെക്കോഡ് നിലവാരത്തിലേക്ക് അടുത്തു. നിഫ്റ്റി 750 പോയിന്റിലധികം നേട്ടമുണ്ടാക്കി 26,300 കടന്നു. ഓഹരി വിപണിയിലെ ഉണർവ് രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 1.2 ശതമാനം വർധിച്ച് 90.40 എന്ന നിലയിലെത്തി. 2022 നവംബറിന് ശേഷമുള്ള രൂപയുടെ ഏറ്റവും മികച്ച മുന്നേറ്റമാണിത്. ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിച്ചത് നിക്ഷേപകരെ ആശങ്കയിലാക്കിയിരുന്നു. അന്ന് വിപണിയിൽ ഏകദേശം 10 ലക്ഷം കോടി രൂപയുടെ നിക്ഷേപക ആസ്തിയാണ് ഇല്ലാതായത്. എന്നാൽ പുതിയ വ്യാപാര കരാർ നഷ്ടങ്ങളെ മറികടക്കാൻ വിപണിയെ സഹായിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് സുപ്രധാന കരാർ ഉണ്ടായത്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറച്ചു എന്നതാണ് കരാറിലെ ഏറ്റവും വലിയ നേട്ടം. ഇതിന് പകരമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും അമേരിക്കയിൽ നിന്ന് കൂടുതൽ ഉൽപന്നങ്ങൾ വാങ്ങുകയും ചെയ്യും. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ തീരുവ പൂർണമായും ഒഴിവാക്കുമെന്നും റിപ്പോർട്ടുണ്ട്. പുതിയ വ്യാപര കരാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വാണിജ്യ മന്ത്രി പീയുഷ് ഗോയലും കരാറിനെ സ്വാഗതം ചെയ്തു. ഇത് മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വലിയ കരുത്തേകുമെന്നും കർഷകർക്കും ചെറുകിട വ്യാപാരികൾക്കും ഗുണകരമാകുമെന്നും അവർ വ്യക്തമാക്കി. അമേരിക്കൻ വിപണിയിലേക്ക് കുറഞ്ഞ നിരക്കിൽ ഇന്ത്യൻ ഉൽപന്നങ്ങൾ എത്തിക്കാൻ സാധിക്കുന്നത് ഇന്ത്യൻ കമ്പനികൾക്ക് വലിയ ലാഭമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി വലിയ മുന്നേറ്റം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments