ന്യൂഡൽഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് അലങ്കോലമാക്കാനടക്കമുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ ഇന്ത്യ അനുവദിക്കുന്നുവെന്ന ബംഗ്ലാദേശിന്റെ ആരോപണത്തിൽ മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉൾപ്പെടെ രാജ്യംവിട്ട രാഷ്ട്രീയ നേതാക്കൾ ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നാരോപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയെ ബംഗ്ലാദേശ് വിളിച്ചുവരുത്തിയിരുന്നു. പിന്നാലെയാണ് ഇന്ത്യ മറുപടി നൽകിയത്. ബംഗ്ലാദേശിന്റെ ആരോപണങ്ങൾ നിരസിച്ച ഇന്ത്യ, ബംഗ്ലാദേശ് ജനതയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ഇന്ത്യ ഒരിക്കലും തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
ഷെയ്ഖ് ഹസീനയുടെ തുടർച്ചയായ പരസ്യ പ്രസ്താവനകളിൽ ഇടക്കാല സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രാജ്യത്തിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവരുടെ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ബംഗ്ലാദേശ് ആരോപിച്ചു.
ബംഗ്ലാദേശിലെ ജുഡീഷ്യൽ അധികാരികൾ വിധിച്ച ശിക്ഷകൾ നേരിടുന്നതിനായി ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും കൈമാറണമെന്ന ആവശ്യം ബംഗ്ലാദേശ് ആവർത്തിച്ചു. ഇന്ത്യയിൽ താമസിക്കുന്ന ഒളിച്ചോടിയ അവാമി ലീഗ് നേതാക്കളുടെ പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശിനുള്ളിൽ അക്രമം ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും സൗകര്യമൊരുക്കുകയും ചെയ്തതായി ആരോപിച്ചു



