ലയോലപ്പറമ്പ് : അച്ചനും അമ്മയ്ക്കും സുഖമല്ലേ … കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന കത്തെഴുത്ത് പുതിയ തലമുറയെ പരിചയപ്പെടുത്തി തലയോലപ്പറമ്പ് സെൻ്റ് ജോർജ് സ്ക്കൂൾ. കത്ത് എഴുതാനും, കവറിൽ ഇടാനും, സ്റ്റാമ്പ് വാങ്ങി ഒട്ടിക്കാനും അയക്കാനുമെല്ലാം അവർ പഠിച്ചു. സാമൂഹ്യ മാധ്യമങ്ങൾ അരങ്ങുവാഴുന്ന ഇക്കാലത്തും തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിലെ കുഞ്ഞുങ്ങൾ എല്ലാവരും ഇന്ന് തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിൽ എത്തിയത് തങ്ങൾ സ്വയം പെയിന്റ് ചെയ്ത് തയ്യാറാക്കിയ ക്രിസ്മസ് കത്തുകളുമായി. വരി വരിയായി നിന്ന് അഞ്ചു രൂപയുടെ സ്റ്റാമ്പ് പോസ്റ്റ് മാസ്റ്ററോട് ചോദിച്ചു വാങ്ങി കവറിൽ പശയെടുത്തു ഒട്ടിച്ചു തങ്ങളുടെ കത്തുകൾ തപാൽ പെട്ടിയിൽ അവർ ഇട്ടു. തലയോലപ്പറമ്പ് പോസ്റ്റ് മാസ്റ്റർ ദിവ്യയുടെ നേതൃത്വത്തിൽ ജീവനക്കാർ കുട്ടികളെയും അധ്യാപകരെയും സ്വീകരിച്ചു.
സ്വന്തം മാതാപിതാക്കൾക്കായാണ് സെന്റ് ജോർജ് സ്കൂളിലെ നഴ്സറി മുതൽ രണ്ടാം ക്ലാസ്സ് വരെ പഠിക്കുന്ന 180 കുട്ടികളാണ് പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി ആശംസാ കാർഡുകൾ സ്വയം തയ്യാറാക്കിയതും അയക്കുന്നതും. സ്കൂൾ മാനേജർ ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ, അസി. മാനേജർ ഫാദർ ആൽജോ കളപുരക്കൽ, കിന്റെർഗാർട്ടൻ സൂപ്പർവൈസർ സിസ്റ്റർ ഡയസ് ഫ്രാൻസിസ്, ഹെഡ് മിസ്ട്രെസ് ആഷാ ജോസഫ് എന്നിവർ നേതൃത്വം നൽകി.



