തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) മുപ്പതാം പതിപ്പിന് വെള്ളിയാഴ്ച തലസ്ഥാനത്ത് തുടക്കമാകും. ഇനി ഒരാഴ്ച തലസ്ഥാനം സാക്ഷ്യംവഹിക്കുക മാറുന്ന ലോകസിനിമയുടെ കാഴ്ചകൾക്ക്. 12 മുതൽ 19 വരെ 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽനിന്നുള്ള 206 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘ഫലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകും. ആഗോളവത്കരണം, പലായനം, സ്വത്വം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ ‘ടിംബുക്തു’, ‘ബ്ലാക്ക് ടീ’ തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങൾ ‘ദ ഗ്ലോബൽ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേർണി’ എന്ന പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കും. ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങളായ ‘കെയ്റോ സ്റ്റേഷൻ’, ‘അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ‘, ‘ദി അദർ’ എന്നിവ ഉൾപ്പെടുത്തി റിട്രോസ്പെക്ടിവ് വിഭാഗം ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. ഇന്തോനേഷ്യൻ സിനിമയുടെ ആധുനിക മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ ‘കണ്ടമ്പററി ഫിലിം മേക്കർ ഇൻ ഫോക്കസ്’ വിഭാഗത്തിൽ പ്രദർശനത്തിനെത്തും. ലോകമെമ്പാടുമുള്ള 57 സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമ വിഭാഗമാണ് മറ്റൊരു പ്രധാന കാഴ്ചവിരുന്ന്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ സുവർണചകോരം, രജതചകോരം പുരസ്കാരങ്ങൾക്കായി മത്സരിക്കും. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം വ്യാഴാഴ്ച രാവിലെ 11ന് ടാഗോർ തിയറ്ററിൽ ആരംഭിക്കും. മലയാള ചലച്ചിത്ര താരം ലിജോമോൾ ജോസ് ആദ്യ കിറ്റ് ഏറ്റുവാങ്ങും.



