തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ആരംഭിച്ചു.നിശബ്ദ പ്രചാരണവും പിന്നിട്ട് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി കണക്കാക്കുന്ന തദ്ദേശപ്പോരിന്‍റെ ‘ആദ്യപകുതി’ക്ക് കേരളം ഇന്ന് വിധിയെഴുതും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 13നാണ് വോട്ടെണ്ണൽ. തിളച്ചുമറിഞ്ഞ രാഷ്ട്രീയ വിവാദങ്ങളും പ്രാദേശിക വികസന വിഷയങ്ങളുമെല്ലാം ജനമനസ്സുകളെ എങ്ങനെ സ്വാധീനിച്ചുവെന്നതിന്‍റെ വിധിയെഴുത്ത് കൂടിയാണിന്ന്. ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിലെ 1,32,83,789 വോട്ടർമാരാണ് 36,620 സ്ഥാനാർഥികളുടെ വിധിയെഴുതുന്നത്. ഇതിൽ 17,046 പുരുഷന്മാരും, 19,573 സ്ത്രീകളും, ഒരാൾ ട്രാൻസ്ജെൻഡറുമാണ്. തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. വോട്ടിങ് യന്ത്രങ്ങളടക്കം പോളിങ് ബൂത്തുകളിലേക്ക് ആവശ്യമായ സാധന സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച ഉച്ചയോടെ പൂർത്തിയായി. പോളിങ് ബൂത്തുകൾ സജ്ജമായിക്കഴിഞ്ഞു. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടിങ്. പ്രശ്നബാധിത ബൂത്തുകളിലക്കം ശക്തമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ 15,422 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 15,432 കൺട്രോൾ യൂനിറ്റുകളും 40261 ബാലറ്റ് യൂനിറ്റുകളും പോളിങ്ങിനായി തയാറായി കഴിഞ്ഞു.



