ന്യൂഡൽഹി: എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ തൊഴിലാളികൾ പൊരുതി നേടിയ അവകാശമാണ്. എന്നാൽ ഇന്നത്തെ കാലത്ത് തൊഴിൽ സംസ്കാരത്തിൽ ഏറെ മാറ്റങ്ങൾ സംഭവിക്കുകയും പ്രൊഫണൽ ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള അതിർ വരമ്പുകൾ ലംഘിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ‘റൈറ്റ് ടു ഡിസ്കണക്റ്റ്’ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. വർക്ക് – ലൈഫ് ബാലൻസ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. നിരവധി ലോക രാജ്യങ്ങൾ ഇതിനകം നടപ്പാക്കിയ റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ നമ്മുടെ ലോക്സഭയിലും കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടു.
എൻസിപി എംപി സുപ്രിയ സുലെ സ്വകാര്യ ബില്ലായാണ് റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. മെച്ചപ്പെട്ട ജീവിത നിലവാരവും ആരോഗ്യകരമായ തൊഴിൽ – ജീവിത സന്തുലിതാവസ്ഥയും (വർക്ക് ലൈഫ് ബാലൻസ്) വളർത്തിയെടുക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സുപ്രിയ സുലെ ബിൽ അവതരിപ്പിച്ചുകൊണ്ടുപറഞ്ഞു. ഡിജിറ്റൽ കാലത്തെ ആശയ വിനിമയ ഉപാധികൾ പലപ്പോഴും ജോലി സമയം കഴിഞ്ഞ ശേഷം ആളുകളുടെ വ്യക്തിപരമായ സമയം അപഹരിക്കുന്നു. ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും തൊഴിലുടമയുടെ കോളുകൾ, ഇമെയിലുകൾ തുടങ്ങിയവയോട് പ്രതികരിക്കാതിരിക്കാനുള്ള ജീവനക്കാരുടെ അവകാശം അംഗീകരിച്ചുകൊണ്ട് അവരുടെ സ്വകാര്യ ഇടത്തെ ബഹുമാനിക്കണമെന്നാണ് ബില്ലിലെ പ്രധാന വാദം. പ്രൊഫഷണലും വ്യക്തിപരവുമായ ഡിജിറ്റൽ ആശയവിനിമയ ഉപാധികളുടെ ന്യായമായ ഉപയോഗത്തെക്കുറിച്ച് പൗരന്മാർക്ക് അവബോധം നൽകുന്നതിന് കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
ഇത് സ്വകാര്യ ബില്ലായാണ് സഭയിൽ അവതരിപ്പിച്ചത്. നിയമനിർമ്മാണം ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളിൽ ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർക്ക് സ്വകാര്യ ബിൽ അവതരിപ്പിക്കാവുന്നതാണ്. എങ്കിലും അവ അപൂർവ്വമായേ നിയമം ആകാറുള്ളൂ. പലപ്പോഴും സർക്കാരിന്റെ മറുപടിയോടെ പിൻവലിക്കപ്പെടുകയാണ് പതിവ്. രാജ്യത്ത് ഇതുവരെ സ്വകാര്യ ബില്ലുകളിൽ 14 എണ്ണം മാത്രമാണ് നിയമമായി മാറിയത്. സുപ്രിയ സുലെ 2019-ലും സമാനമായ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ ഈ ബില്ലിന് വലിയ സ്വീകാര്യത യാണ് ലഭിക്കുന്നത്



