മലയിൻകീഴ് : കാര്‍ഷികസമൃദ്ധിയും പാരമ്പര്യവിശ്വാസവും ഇഴചേരുന്ന തൃക്കാര്‍ത്തിക ബുധനാഴ്ച ആഘോഷിക്കും. കാര്‍ഷിക ഉത്സവമായതിനാല്‍ ഗ്രാമങ്ങളില്‍ വലിയഒരുക്കങ്ങളാണ് നടക്കുന്നത്. വൃശ്ചികമാസത്തിലെ കാര്‍ത്തിക നക്ഷത്രവും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസമാണ് തൃക്കാര്‍ത്തിക. ആദിപരാശക്തിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായി കണക്കാക്കപ്പെടുന്ന തൃക്കാര്‍ത്തികയ്ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി. സന്ധ്യക്ക് മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിച്ച് പ്രകൃതിയെ വണങ്ങി നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. മനസ്സിലേയും വീടുകളിലേയും സകല ദുരിതങ്ങളും തിന്മകളും ഈ വിളക്കില്‍ എരിഞ്ഞുതീരുമെന്നാണ് വിശ്വാസം.
ഒരാഴ്ച്ച മുമ്പു തന്നെ ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ കിഴങ്ങു വര്‍ഗ്ഗങ്ങളും, വിഭവങ്ങളുമായി പാതയോരങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വിളകള്‍ക്ക് ഇത്തവണ ന്യായമായ വിലയുണ്ടെന്നത് കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നു. വിപണിയില്‍ ചേമ്പിനാണ് ഇത്തവണ വലിയവില. കിലോയ്ക്ക് 80മുതല്‍ 120/- രൂപവരെ വിലയുണ്ട്.
ഒരു കാര്‍ഷിക വര്‍ഷത്തിന്റെ വിളവെടുപ്പും സമൃദ്ധിയുമാണ് കാര്‍ത്തിക. വിളകളുടെ പൊലിപ്പത്തിനും വയലിന്റെ വളക്കൂറിനും പ്രാണികളുടെ ശല്യത്തില്‍ നിന്നും പാടത്തെ രക്ഷിക്കുന്നതിനുമായിട്ടാണ് പഴമക്കാര്‍ വിളവുത്സവമായി കാര്‍ത്തിക ആഘോഷിച്ചിരുന്നത്. സന്ധ്യയാകുന്നതോടെ പാടത്തും പറമ്പിലും പ്രത്യേകം കെട്ടിയൊരുക്കിയ കുരുത്തോല വിളക്കുകളില്‍ ദീപം തെളിച്ച് നിറപൊലിക്കായി കര്‍ഷകര്‍ പ്രകൃതിയോട് പ്രാര്‍ത്ഥിക്കുന്നു. കാലംമാറി, വയലുകള്‍ വീടുകളായതോടെ കാര്‍ത്തിക ഉത്സവം വീട്ടുമുറ്റത്ത് ഒതുങ്ങി. എങ്കിലും പഴമയുടെ ഓര്‍മ്മകള്‍ ബാക്കിവച്ച് ഗ്രാമീണർ തൃക്കാര്‍ത്തിക ആഘോഷിക്കുന്നു.



