Monday, December 22, 2025
No menu items!
Homeവാർത്തകൾഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകേസുകളിൽ ഏകോപിത അന്വേഷണത്തിനുള്ള ചുമതല സി.ബി.ഐക്ക്

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകേസുകളിൽ ഏകോപിത അന്വേഷണത്തിനുള്ള ചുമതല സി.ബി.ഐക്ക്

ന്യൂഡൽഹി: രാജ്യവ്യാപകമായ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകേസുകളിൽ ഏകോപിത അന്വേഷണത്തിനുള്ള ചുമതല സുപ്രീംകോടതി സി.ബി.ഐക്ക് നൽകി. സംസ്ഥാനങ്ങൾ സി.ബി.ഐക്ക് അന്വേഷണാനുമതി നൽകുകയും അന്വേഷണത്തോട് സഹകരിക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും അടങ്ങിയ ബെഞ്ച് നിർദേശം നൽകി. വിഷയത്തിൽ ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള വീഴ്ച അറിയാൻ റിസർവ് ബാങ്ക് (ആർ.ബി.ഐ)നും സുപ്രീംകോടതി നോട്ടീസ് നൽകി. സൈബർ തട്ടിപ്പിന് ഉപയോഗപ്പെടുത്തുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കൃത്രിമബുദ്ധിയോ (എ.ഐ), മെഷീൻ ലേണിങ് സാങ്കേതികവിദ്യയോ എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ലെന്നതിൽ പ്രതികരണം അറിയിക്കാനാണ് ആർ.ബി.ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിൽ സി.ബി.ഐയുമായി മികച്ച ഏകോപനം ഉറപ്പുവരുത്താൻ സംസ്ഥാന, റീജനൽ സൈബർ ക്രൈം കോഓഡിനേഷൻ സെന്‍റർ സ്ഥാപിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയിൽ നിന്നുള്ള വൃദ്ധദമ്പതികൾ ഉന്നയിച്ച പരാതിയിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഈ നിർദേശങ്ങൾ നൽകിയത്. കൂടുതലും മുതിർന്ന പൗരന്മാരെയാണ് സൈബർ തട്ടിപ്പുകാർ ഉന്നമിടുന്നതെന്ന് കോടതി പരാമർശിച്ചു. ഡിജിറ്റൽ അറസ്റ്റ് സംബന്ധിച്ച കേസുകളുടെ അന്വേഷണത്തിൽ സി.ബി.ഐക്ക് വിശദാംശങ്ങൾ കൈമാറാനും സഹകരണം നൽകാനും വിവരസാങ്കേതികവിദ്യ ദാതാക്കളോടും ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സൈബർ കുറ്റവാളികളെ കണ്ടെത്താൻ സി.ബി.ഐക്ക് ഇന്‍റർപോളിന്‍റെ സഹായം തേടാം. സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാമെന്നതിനാൽ ടെലികോം സേവന ദാതാക്കൾ ഉപയോക്താക്കൾക്ക് പല സിം കാർഡുകൾ നൽകുന്നില്ലെന്ന് ടെലികോം വകുപ്പ് ഉറപ്പുവരുത്തണം. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ആഭ്യന്തര മന്ത്രാലയം, ടെലികോം വകുപ്പ്, ധനമന്ത്രാലയം, ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയം എന്നിവ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായങ്ങൾ കോടതിയിൽ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. പണം തട്ടിയെടുക്കാനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടെ പൊലീസ് ഏജൻസികൾക്കും സി.ബി.ഐയോടൊപ്പം സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. തട്ടിപ്പിന് ഒത്താശ ചെയ്യുകയും വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കാൻ തട്ടിപ്പുകാരെ സഹായിക്കുകയും ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം നടത്തും. ഡിജിറ്റൽ അറസ്റ്റ് സംഭവങ്ങൾ ഉരുക്കുമുഷ്‍ടിയോടെ കൈകാര്യം ചെയ്യുമെന്ന് നവംബർ മൂന്നിലെ ഉത്തരവിൽ പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് 3000 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടന്നെന്നതിൽ അമ്പരപ്പ് പ്രകടിപ്പിച്ചാണ് കോടതി കർശന നടപടികൾക്കുള്ള നിർദേശം നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments