അമ്പൂരി: കാട്ടാക്കട താലൂക്കിലെ അമ്പൂരിയിലെ വിനോദ സഞ്ചാര സാധ്യതകള്‍ തേടി ഒരു യാത്രയ്ക്കൊരുങ്ങുകയാണ് ഒരുകൂട്ടം ആളുകള്‍. പ്രകൃതിയെയും വനത്തേയും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുക, വനനശികരണം തടയുക, കാടിനെ അടുത്തറിയുക, കേരളത്തിലെ മനോഹരമായ സ്ഥലങ്ങളും പ്രകൃതിഭംഗികളും പ്രമോട്ട് ചെയ്യുക, വിനോദ സഞ്ചാരവും അതുപോലെ തന്നെ വനിതാ സൗഹൃദ വിനോദസഞ്ചാര പദ്ധതിയായ ‘സ്ത്രീ യാത്രകള്‍’ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് യാത്രയ്ക്കുള്ളത്. ഗാലറി ഓഫ് നേച്ചര്‍ യുട്യൂബ് ചാനല്‍ കൂട്ടായ്മയുടെ സേവ് നേച്ചര്‍ സേവ് ഫോറസ്റ്റ് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നത്.
സ്ത്രീ സൗഹൃദ വിനോദ യാത്രാ കൂട്ടായ്മയായ അപ്പൂപ്പന് താടിയുമായി സംയുക്തമായി 18-ന് അമ്പൂരിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വല്‍സല രാജു ഉദ്ഘാടനം ചെയ്യും. ഗാലറിഓഫ് നേച്ചര്‍ യുട്യൂബ് ചാനല്‍ കൂട്ടായ്മ കണ്‍വീനര്‍ കോട്ടൂര്‍ ബി.ജയചന്ദ്രന് ചടങ്ങില്‍ അധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി, കൂട്ടായ്മ ചെയര്മാന് സുമേഷ് കോട്ടൂര്‍, ജോയന് അമ്പൂരി, അപ്പൂപ്പന്താടി യാത്രാകൂട്ടായ്മ അംഗം വിജി, നബീസത്ത് ബീവി, സുജി കല്ലാമം എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കും.



