തിരുവനന്തപുരം: നേവൽഡേ ഓപ്പറേഷൻ ഡെമോയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ. ശംഖുംമുഖത്ത് ഡിസംബർ മൂന്നിന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് 12 മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഡെമോ കാണുവാനായി ഏകദേശം 50000ത്തിനധികം പൊതുജനങ്ങൾ എത്തിച്ചേരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 0471-2558731 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പൊതുജനങ്ങൾക്ക് അനുവദിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതാണ്. ചാക്ക, കല്ലുംമൂട്, സ്റ്റേഷൻകടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളിൽ നിന്നും ശംഖുംമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളൂ. വാഹനങ്ങളുടെ പാസ് പരിശോധിച്ച് പാർക്കിംഗ് ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കും.
പ്രത്യേക ക്ഷണിതാക്കളുടെയും മീഡിയയുടെയും വാഹനങ്ങൾ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ചാക്ക-ആൽസെയിന്‍റ്സ് വഴി ശംഖുമുഖത്ത് എത്തി ആളുകളെ ഇറക്കിയതിന് ശേഷം പാസിലെ ക്യുആർ കോഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതും അതിനുശേഷം വരുന്ന വാഹനങ്ങൾ ഈഞ്ചക്കൽ-കല്ലുംമ്മൂട്-പൊന്നറപാലം-വലിയതുറ-ഡൊമസ്റ്റിക് എയർപോർട്ട് വഴിയും പോകേണ്ടതാണ്



