ന്യൂഡൽഹി: പുതിയ നാല് ലേബർ കോഡുകൾ നിലവിൽ വന്നതോടെ പ്രൊവിഡന്റ് ഫണ്ടിലും ഗ്രാറ്റുവിറ്റിയിലും വരുന്നത് വലിയ മാറ്റങ്ങൾ. ചെറിയ ശമ്പളം വാങ്ങുന്നവർക്ക് അനുകുലമായി പ്രൊവിഡന്റ് ഫണ്ടിൽ മാറ്റങ്ങൾ ലേബർ കോഡിൽ ഉണ്ടെന്നാണ് കേന്ദ്രസർക്കാർ അവകാശവാദം. തൊഴിലാളികൾക്കായി കമ്പനി നീക്കിവെക്കുന്ന ആകെ തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന തുകയോ ആയിരിക്കണം തൊഴിലാളികളുടെ ബേസിക് പേ എന്നാണ് പുതിയ ലേബർ കോഡിൽ പറയുന്നത്. പി.എഫും ഗ്രാറ്റുവിറ്റിയും ബേസിക് സാലറിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് ലേബർ കോഡിൽ പറയും പ്രകാരം ബേസിക് പേ കണക്കാക്കിയാൽ പി.എഫിലേക്കുള്ള തൊഴിലാളിയുടേയും തൊഴിലുടമയുടേയും സംഭാവന വർധിക്കും. ബേസിക് പേ ഉയരുന്നത് അതിന് ആനുപാതികമായി ഗ്രാറ്റുവിറ്റി ഉയരാനും സഹായിക്കും. നിലവിൽ തൊഴിലാളിയുടെ ബേസിക് പേയുടെ 12 ശതമാനമാണ് പി.എഫ് വിഹിതമായി കണക്കാക്കുന്നത്. ബേസിക് പേ ഉയരുന്നത് കൂടുതൽ പി.എഫ് വിഹിതം ഉണ്ടാകുന്നതിന് കാരണമാകും. ഗ്രാറ്റുവിറ്റിയിലും മാറ്റങ്ങളുണ്ടാവും. ഒരു സ്ഥാപനത്തിൽ അഞ്ച് വർഷം ജോലി ചെയ്യുന്നവർക്കാണ് നിലവിൽ ഗ്രാറ്റുവിറ്റിക്ക് അർഹത. എന്നാൽ, പുതിയ കോഡ് പ്രകാരം ഒരു വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്താൽ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകും. അവസാനം വാങ്ങിയ ശമ്പളവും ആകെ സർവീസും ഉപയോഗിച്ചാണ് ഗ്രാറ്റുവിറ്റി കണക്കാക്കുക. തൊഴിലാളി സംഘടനകളുടെ കടുത്ത വിമർശനം നിലനിൽക്കെ കേന്ദ്രം പുതിയ നാല് തൊഴിൽ നിയമങ്ങൾ(ലേബർ കോഡുകൾ) പ്രാബല്യത്തിലാക്കിയത്. വേതനം, സാമൂഹിക സുരക്ഷ, തൊഴിലിടത്തിലെ സുരക്ഷ, ആരോഗ്യ-തൊഴിൽ സാഹചര്യ കോഡുകളാണ് നിലവിൽ വന്നത്. ഇത് അഞ്ചുവർഷം മുമ്പ് പാർലമെന്റ് പാസാക്കിയെങ്കിലും നടപ്പാക്കിയിരുന്നില്ല. തൊഴിലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന 29 നിയമങ്ങൾ ഇതോടെ ഇല്ലാതാകും. പുതിയ കോഡുകൾ ഉടൻ പ്രാബല്യത്തിലാകും. പലവിധത്തിൽ തൊഴിലാളി വിരുദ്ധമെന്നും സ്ഥാപന നടത്തിപ്പുകാർക്ക് അനുകൂലമായതെന്നും പുതിയ കോഡുകൾ പാർലമെന്റിൽ വന്ന സമയം മുതൽ വിമർശനമുയർന്നിരുന്നു. പുതിയ കോഡ് ഉറപ്പുനൽകുന്നതായി പറയുന്ന കാര്യങ്ങൾ ഇവയാണ്: ഗിഗ്, പാർട് ടൈം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും സാർവത്രിക സാമൂഹിക സുരക്ഷ, ജീവനക്കാർക്ക് നിർബന്ധിത നിയമന ഉത്തരവുകളും സമയബന്ധിതവും നിയമപരവുമായ മിനിമം വേതനം, മികച്ച സുരക്ഷയും ആരോഗ്യ പരിരക്ഷയും, 40 വയസ്സിനു മുകളിലുള്ള തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ, അപകടകരമായ ജോലികൾക്കുള്ള കവറേജ്, സ്ഥിരം ജീവനക്കാർക്കും കരാർ ജീവനക്കാർക്കും തുല്യ ആനുകൂല്യങ്ങൾ, രാത്രി ഷിഫ്റ്റ് ജോലികളിൽ ഉൾപ്പെടെ ലിംഗഭേദമില്ലാതെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശം, ഇന്ത്യയിൽ എവിടെയും ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിന് ഡിജിറ്റൽ അക്കൗണ്ടുകൾ (ആധാറുമായി ബന്ധിപ്പിച്ചത്), വേഗത്തിലുള്ള തർക്ക പരിഹാരം, ഒറ്റത്തവണ രജിസ്ട്രേഷൻ/ ലൈസൻസിങ്, സുരക്ഷാ മാനദണ്ഡങ്ങൾ ഏകീകരിക്കൽ എന്നിവക്കുള്ള സംവിധാനങ്ങൾ. കോഡിലെ ചില മേഖലകൾ ഇപ്പോഴും പൂർണമാകാത്തതിനാൽ അവശ്യ സന്ദർഭങ്ങളിൽ പഴയ തൊഴിൽ നിയമങ്ങൾ തുടർന്നും ബാധകമായേക്കും.



