കൊച്ചി: രാജ്യത്തെ മത്സ്യബന്ധന മേഖലയെ വിരലിലെണ്ണാവുന്ന വൻകിട കപ്പലുകൾക്ക് തീറെഴുതുന്ന കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധവും ആശങ്കയുമായി മത്സ്യത്തൊഴിലാളി സമൂഹം. ആദ്യപടിയായി തീരക്കടലിലും പുറംകടലിലും തുടർന്ന് ആഴക്കടലിലും വൻകിട കപ്പലുകൾക്ക് പ്രവർത്തനാനുമതി നൽകാനാണ് നീക്കം. ഇന്ത്യയിലെ എക്സ്ക്ലൂസിവ് എക്കണോമിക് സോൺ (ഇ.ഇ.ഇസഡ്) എന്നറിയപ്പെടുന്ന മേഖലയിലേക്കാണ് വൻകിട കപ്പലുകളെ കൊണ്ടുവരുന്നത്.നിലവിൽ രാജ്യത്തെ ഇ.ഇ.ഇസഡ് മേഖലയിൽ 3,14,000ത്തിലധികം യാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവയെല്ലാം ചെറുകിട, പരമ്പരാഗത മേഖലകളിൽ ഉൾപ്പെടുന്നവയാണ്. 200 നോട്ടിക്കൽ മൈലിന് അകത്ത് വരുന്ന പ്രദേശത്തെ യാനങ്ങളുടെ ആധിക്യംമൂലം നിലവിൽ മത്സ്യലഭ്യതയുടെ പ്രശ്നങ്ങളുണ്ട്. 90 ലക്ഷത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനമാർഗവുമാണിത്. മൂന്നുലക്ഷം വാട്ട് പ്രകാശശക്തിയുള്ള യാനങ്ങളാണ് പുതുതായി വരുന്നത്. തീരക്കടലിൽനിന്നടക്കം മത്സ്യങ്ങളെ ആകർഷിച്ച് പിടിക്കുന്ന വൻകിട കപ്പലുകൾ ചെറുകിട, പരമ്പരാഗത യാനങ്ങൾ പിടിക്കുന്ന മുഴുവൻ മത്സ്യങ്ങളെയും ഒറ്റയടിക്ക് വാരിയെടുക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറയുന്നു. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടും. കേന്ദ്രത്തിന്റെ വിനാശകരമായ നടപടി നിർത്തിവെക്കണമെന്നും ടി.യു.സി.ഐ ആവശ്യപ്പെട്ടു. സീ പ്ലെയിൻ പദ്ധതിയിലും പ്രതിഷേധംസീപ്ലെയിൻ പദ്ധതി കേരളത്തിന്റെ ഉൾനാടൻ മത്സ്യബന്ധന മേഖലയെ തകർക്കുമെന്നും ആ മേഖലയിൽ മത്സ്യബന്ധന നിരോധനത്തിനിടയാക്കുമെന്നും മത്സ്യത്തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഒരു സീപ്ലെയിൻ പ്രവർത്തിക്കുന്ന പ്രദേശത്ത് രണ്ടര കി.മീ. ഭാഗത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. എറണാകുളത്ത് തേവര പാലം മുതൽ അഴിമുഖം വരെ ഏഴുകിലോമീറ്റർ പ്രദേശത്ത് പല വികസനപ്രവർത്തനങ്ങളുടെയും കേന്ദ്ര സ്ഥാപനങ്ങളുടെയും പേരിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നൂറുകണക്കിന് ചെറുകിട വള്ളങ്ങൾ പ്രവർത്തിക്കുന്ന ബോൾഗാട്ടിയിൽ സീപ്ലെയിൻ പദ്ധതി വരുന്നതോടെ അവിടവും നിരോധിത മേഖലയാകും. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി മുഖ്യമന്ത്രിക്കും ഫിഷറീസ്, ടൂറിസം മന്ത്രിമാർക്കും നിവേദനം നൽകിയിട്ടുണ്ട്.



