കൽപറ്റ: അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം സംസ്ഥാന സർക്കാർ ജനകീയോത്സവമാക്കാനൊരുങ്ങുമ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. അതിദാരിദ്ര്യർ ഇല്ലാത്ത വയനാട് ജില്ല പ്രഖ്യാപനം പ്രഹസനമാണെന്നാണ് വയനാട്ടിലെ സമൂഹിക പ്രവർത്തരായ അമ്മിണി കെ.വയനാട്, മണിക്കുട്ടൻ പണിയൻ, ലീല സന്തോഷ്, മംഗളു ശ്രീധർ എന്നിവർ ചൂണ്ടിക്കാണിക്കുന്നത്. ആദിവാസി വനിതാ പ്രസ്ഥാനം അധ്യക്ഷയായ അമ്മിണി.കെ വയനാട് വകുപ്പ് മന്ത്രി ഒ.ആർ.കേളുവിന് വിഷയത്തിലുള്ള ആശങ്ക ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങിലൂടെ തുറന്ന കത്തെഴുതിരുന്നു. വയനാടിനെ ദാരിദ്ര്യ വിമുക്ത ജില്ലയായി പ്രഖ്യാപ്പിക്കുന്നതിന് മുൻപ് ചുറ്റും തിരിഞ്ഞുനോക്കണമെന്ന് ലീല സന്തോഷും ചൂണ്ടിക്കാണിച്ചു. മലവെള്ളപ്പാച്ചിലിൽ പെട്ട വീടുകളുടെ ചിത്രം സഹിതം പങ്കുവെച്ച് ഫേസ്ബുക്കിലായിരുന്നു വിമർശനം. വയനാട് ജില്ലയിൽ സ്ഥിരതാമസക്കാരായിട്ടുള്ള ഏതൊരാൾക്കും അറിയാം ആദിവാസി ഊരിലെ അവസ്ഥയെന്നും എന്നിട്ടും ആ സമുദായത്തിൽപ്പെട്ട മന്ത്രിക്ക് ഇത് മനസ്സിലാവുന്നില്ലെന്നും മണിക്കുട്ടൻ പണിയനും കുറ്റപ്പെടുത്തി.”ഒരു നേരം പോലും കുഞ്ഞുങ്ങൾക്ക് ചാറൊഴിച്ച കറി ചോറിൽ കുഴച്ചു കൊടുക്കാനില്ലാത്ത അമ്മമാരുള്ള എത്രയോ കുടുംബങ്ങൾ ഉണ്ട്… ഒരു സെന്റ് ഭൂമി പോലുമില്ലാത്ത 90ശതമാനം കുടുംബങ്ങൾ… വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പതിനായിരക്കണക്കിന് വിദ്യാർഥികൾ… വീടുകളില്ലാതെ ടാർപായിൽ അഭയം പ്രാപിച്ച എത്രയോ മനുഷ്യ ജീവിതങ്ങൾ… മാരക രോഗത്തിന് അടിമപ്പെട്ട് ഒരു കട്ടിലു പോലുമില്ലാതെ ചോർച്ച കാരണം നനഞ്ഞ നിലത്ത് കിടന്ന് നരകിച്ച് ജീവിക്കുന്ന മനുഷ്യർ… വൈദ്യുതി ഇല്ലാത്ത വീടുകൾ… ഇതൊക്കെ പ്രഖ്യാപിച്ചു വച്ചിട്ട് എന്താണ് കാര്യം? ആരെ ബോധിപ്പിക്കാൻ? എന്തിനുവേണ്ടി? ഇങ്ങനെയൊക്കെ പ്രഖ്യാപിച്ചുവെന്നതിന്റെ അപകടം താങ്കൾക്ക് മനസ്സിലാകുമോ’- എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ മണിക്കുട്ടൻ വകുപ്പ് മന്ത്രിയോട് ചോദിക്കുന്നത്. മറ്റൊരു പോസ്റ്റിൽ , തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബേഗൂർ കാട്ടുനായ്ക്ക സമുദായത്തിന്റെ ഊരിലെ ഒരു വീട് ദയനീയാവസ്ഥയും ചൂണ്ടിക്കാണിക്കുന്നു. “കുട്ടികളടക്കം നാലോളം അംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവർക്ക് മനുഷ്യരെന്ന നിലയിൽ യാതൊരു അടിസ്ഥാന സൗകര്യവും ഈ കാലമത്രയും ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കമൽഹാസനെയും മമ്മൂട്ടിയെയും മോഹൻലാലിനെയും കേരളം അതി ദാരിദ്ര്യ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന നവം ഒന്നിലെ പരിപാടിക്ക് കൊണ്ട് വരാൻ കോടികളാണ് മുടക്കുന്നത്. മറ്റ് ചെലവുകൾ വേറെ. അത്രയും തുക ഉണ്ടെങ്കിൽ ഇതുപോലുള്ള ആയിരം ആദിവാസി കുടുംബങ്ങൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കാം. ഈ നേർക്കാഴ്ചയിലെ ഏറ്റവും വലിയ വിഷമം എന്താണെന്ന് വെച്ചാൽ പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ പഞ്ചായത്തിലുള്ള ഊരിലെ വീടിന്റെ അവസ്ഥ ഇതാണ്… കൂടുതലൊന്നും പറയാനില്ല തീരുമാനിച്ച പരിപാടി രണ്ടായി മടക്കി …. വെച്ചോ’- എന്ന് മണിക്കുട്ടൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. കഴിഞ്ഞ ദിവസം, ആശ പ്രവർത്തകർ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർക്ക് ആശ പ്രവർത്തകരുടെ തുറന്ന കത്തെഴുതിയിരുന്നു. നവംബർ ഒന്നിന് സംസ്ഥാന സർക്കാർ നടത്തുന്ന അതിദാരിദ്ര്യ മുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കരുതെന്ന് നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർക്ക് ആശ പ്രവർത്തകരുടെ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം വലിയ നുണയാണെന്നും ആ പരിപാടിയിൽ പങ്കെടുക്കുക വഴി ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിനാൽ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ കത്തെഴുതിയത്.‘ഈ മണ്ണിൽ മനുഷ്യോചിതമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ എട്ടര മാസമായി രാപകൽ സമരം നടത്തുന്ന ആശ പ്രവർത്തകരായ സ്ത്രീ തൊഴിലാളികളാണ് ഞങ്ങൾ. മൂന്നുനേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് ഞങ്ങൾ. 233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല. ഞങ്ങളുടെ തുച്ഛവേതനം വർധിപ്പിക്കാതെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തുന്നത് വലിയ നുണയാണ്. സർക്കാറിന്റെ കാപട്യവും’. സെക്രട്ടേറിയറ്റ് പടിക്കൽ വന്ന് ഞങ്ങളെ കാണണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കത്ത് നടന്മാർക്ക് ഇ-മെയിൽ അയച്ചതായും സമര സമിതി നേതാക്കൾ അറിയിച്ചു



