ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോൻത’ ചുഴലികാറ്റ് ഇന്ന് കര തൊടും. ഇന്ന് വൈകിട്ടോടെയായിരിക്കും കര തൊടുക. ആന്ധ്രാതീരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഒഡിഷ, ആന്ധ്ര,തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂന്ന് സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്.
ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മോൻതയെ നേരിടാൻ മുന്നൊരുക്കത്തിലാണ് രാജ്യത്തിന്‍റെ കിഴക്കൻ തീരം. ഇന്ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആന്ധ്രയിലും തെക്കൻ ഒഡിഷയിലും തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും രാവിലെ തുടങ്ങിയ മഴയ്ക്കു ശമനമായിട്ടില്ല



