കൊൽക്കത്ത: അഞ്ച് വർഷത്തോളം നീണ്ട ഇടവേളക്കുശേഷം ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ഇന്നലെ രാത്രി 10 മണിയോടെ കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചൈനയിലെ ഗ്യാങ്സൂവിലേക്ക് വിമാനം പറന്നുയർന്നു. ഇൻഡിഗോയുടെ A320 നിയോ വിമാനത്തിൽ 176 യാത്രക്കാരാണ് ചൈനയിലേക്ക് പോയത്.
കൊറോണ വൈറസ് വ്യാപനത്തെ തോന്നുന്നത് 2020 വർഷത്തിന്റെ തുടക്കത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ വിമാന സർവീസ് നിർത്തിവച്ചത്. തുടർന്ന് കിഴക്കൻ ലഡാക്കിൽ അതിർത്തിയിൽ ഉണ്ടായ ഇരു രാജ്യങ്ങൾക്കും ഇടയിലെ അസ്വാരസ്യങ്ങൾ മൂലം ഈ സർവീസ് പുനരാരംഭിച്ചിരുന്നില്ല. നയതന്ത്ര തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ വിമാന സർവീസ് പുനരാരംഭിച്ചിരിക്കുന്നത്.
കൊൽക്കത്ത വിമാനത്താവളത്തിൽ നടന്ന ചെറു പരിപാടിയിൽ ഇരു രാജ്യങ്ങൾക്കും ഇടയിലെ സൗഹൃദം, സഹകരണം എന്നിവ വീണ്ടും ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായി യാത്രക്കാരിൽ ഒരാൾ ദീപം തെളിയിച്ചു. എൻ എസ് സി ബി ഐ എയർപോർട്ട് ഡയറക്ടർ പി ആർ ബിറിയ ചടങ്ങിൽ സംസാരിച്ചു. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വ്യാപാരികൾക്കും ഈ വിമാന സർവീസ് ഒരുപോലെ ഉപകാരപ്പെടുമെന്ന് അവർ ചൂണ്ടിക്കാട്ടി



