തിരുവനന്തപുരം: പിഎം ശ്രീ കരാര്‍ ഒപ്പിട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. ഇന്നലെയാണ് മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചത്. പിഎം ശ്രീ കരാറില്‍ ഒപ്പിടാന്‍ ഇടയായ സാഹചര്യം വിശദീകരിച്ചു. കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്നും മുഖ്യമന്ത്രി ബിനോയിയെ അറിയിച്ചു
മുഖ്യമന്ത്രിയോട് പാര്‍ട്ടിയുടെ എതിര്‍പ്പ് അതേരീതിയില്‍ ബിനോയ് അറിയിച്ചതായാണ് വിവരം. കാബിനറ്റില്‍ ചര്‍ച്ച ചെയ്യാതെ എംഒയു ഒപ്പിട്ടത് ശരിയായില്ലെന്നും പിഎംശ്രീ പദ്ധതിയെ എല്‍ഡിഎഫ് ഒരുപോലെ എതിര്‍ത്തതാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു
അതേസമയം, സിപിഐയുടെ നിര്‍ണായക യോഗം ആലപ്പുഴയില്‍ നടക്കാനിരിക്കെ പിഎം ശ്രീ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സിപിഎമ്മും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. രാവിലെ പത്തിനാണ് യോഗം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബിയും പങ്കെടുത്തേക്കും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പദ്ധതിയില്‍ ഒപ്പിട്ടതെന്നാണ് പുറത്തുവരുന്ന വിവരം
പദ്ധതിയില്‍ നിന്ന് സംസ്ഥാനം പിന്‍മാറുകയല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടിലാണ് സിപിഐ. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം കൈക്കൊള്ളുന്നതിനായി സിപിഎ സംസ്ഥാന നിര്‍വാഹകസമിതി യോഗം ഇന്ന് ആലപ്പുഴയില്‍ ചേരും. രാവിലെ പത്തിന് ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം.
മുന്നണിയെ ഇരുട്ടില്‍ നിര്‍ത്തി ഒപ്പിട്ടതിന് മറുപടിയായി സിപിഐയുടെ മന്ത്രിമാര്‍ കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റ് യോദത്തില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതും പരിഗണനയിലുണ്ട്. ഗള്‍ഫ് പര്യടനത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ മടങ്ങിയെത്തിയിട്ടുണ്ട്. കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ അവസാനനിമിഷം മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുമെന്നും സിപിഐ പ്രതീക്ഷിക്കുന്നു



