വാഷിങ്ടൺ: വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ഇന്നലെയും സംസാരിച്ചെന്നും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുമെന്ന് മോദി ഉറപ്പുനൽകിയെന്നും ട്രംപ് ആവർത്തിച്ചു. ഇന്ത്യയുടെ നിലപാട് യുക്രെയ്‌നിലെ സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ താൻ സമാധാനം സ്ഥാപിക്കാൻ ഇടപെട്ടെന്ന അവകാശവാദവും അദ്ദേഹം വീണ്ടും ഉന്നയിച്ചു. വൈറ്റ്‌ഹൗസിലെ ഓവൽ ഓഫീസിൽ ചൊവ്വാഴ്ച നടന്ന ദീപാവലി ആഘോഷ പരിപാടിയിൽ വിളക്ക് കൊളുത്തിയ ശേഷമാണ് ട്രംപ് അവകാശവാദങ്ങൾ ആവർത്തിച്ചത്. യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്രയും അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജരായ ഉന്നത സഹായികളായ എഫ്ബിഐ മേധാവി കാഷ് പട്ടേൽ, ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്, ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ, പ്രമുഖ ഇന്ത്യൻ അമേരിക്കൻ ബിസിനസ് നേതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു



