ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. എഞ്ചിനീയറിങ് അസിസ്റ്റന്റ് ട്രെയിനി (EAT), ടെക്നീഷ്യൻ ‘C’ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
എഞ്ചിനീയറിങ് ഡിപ്ലോമ, ഐടിഐ എന്നിവ പാസായവർക്ക് അപേക്ഷ നൽകാം. അകെ 162 ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 4.
എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ട്രെയിനി (EAT) തസ്തികയിലേക്ക് അപേക്ഷിക്കാൻ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എന്നി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 3 വർഷത്തെ എഞ്ചിനീറിങ് ഡിപ്ലോമ പാസ് ആയിരിക്കണം.
ടെക്നീഷ്യൻ ‘C’ തസ്തികയിൽ അപേക്ഷിക്കാൻ ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ എന്നി വിഷയത്തിൽ ഐ ടി ഐ പാസായിരിക്കണം. എസ് എസ് എൽ സി + ഐടിഐ + ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് അല്ലെങ്കിൽ എസ് എസ് എൽ സി + ബന്ധപ്പെട്ട ട്രേഡിൽ 3 വർഷത്തെ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻഎസി) കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
അപേക്ഷകൾ നൽകാൻ ജനറൽ/ഇ ഡബ്ല്യു എസ്/ഒ ബി സി വിഭാഗക്കാർക്ക് കുറഞ്ഞത് 60% മാർക്കും എസ്‌സി/എസ്ടി/പി ഡബ്ല്യു ബി ഡി വിഭാഗക്കാർക്ക് 50% മാർക്കും ബന്ധപ്പെട്ട ട്രേഡിൽ ആവശ്യമാണ്
യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികളെയും ബെംഗളൂരുവിൽ നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയിലേക്ക് ക്ഷണിക്കും. ആകെ 150 മാർക്കിന്റെ പരീക്ഷ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ആദ്യം ജനറൽ ആപ്റ്റിറ്റ്യൂഡ് (50 മാർക്ക്),രണ്ടാം ഘട്ടത്തിൽ ടെക്നിക്കൽ/ട്രേഡ് ആപ്റ്റിറ്റ്യൂഡ് (100 മാർക്ക്) എന്നിങ്ങനെയാണ് പരീക്ഷ നടക്കുക. ഇതിന്റെ അടിസ്ഥനത്തിലാകും അന്തിമ പട്ടിക പ്രഖ്യാപിക്കുക.
അപേക്ഷ ഫീസ്,ഉയർന്ന പ്രായ പരിധി,തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയാനായി https://bel-india.in/ സന്ദർശിക്കുക



