തിരുവനന്തപുരം: കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ഥ്യമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാര്‍ട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ആദ്യ ഘട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡും (ഡിബിഎല്‍) പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് നിര്‍മാണക്കരാര്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി – സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ അടിസ്ഥാനസൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. ജിഎസ്ടി ഉള്‍പ്പടെ 1316.13 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും. ആകെ 3,600 കോടിയോളം രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് പാലക്കാട് സ്മാര്‍ട് സിറ്റി. ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വര്‍ഷം മുന്‍പുതന്നെ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കര്‍ ഭൂമിയാണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്. നിലവില്‍ കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് കൈമാറുകയാണ് ചെയ്യുക. ആദ്യഘട്ടമായി കഴിഞ്ഞ ഡിസംബറില്‍ 110 ഏക്കര്‍ ഭൂമിയും മാര്‍ച്ചില്‍ 220 ഏക്കര്‍ ഭൂമിയും കൈമാറിയപ്പോള്‍ രണ്ടു ഘട്ടമായി കേന്ദ്രം 313.5 കോടി രൂപയും കൈമാറിയിരുന്നു.



