തൃശൂർ: അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന മലയാളി സാന്നിധ്യവും ലോക കേരള സഭയിൽ നെതർലാൻഡ്‌സിൽനിന്നുള്ള അംഗവുമായ ഡോ. ഷാഹിന അബ്ദുല്ല (44) അന്തരിച്ചു. കരളിലെ അണുബാധയെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് കരൂപ്പടന്നയിൽ ജനിച്ച ഷാഹിന ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽനിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടി. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിട്ടിട്ട് ഓഫ് ആസ്ട്രോ ഫിസിക്സിൽ ഗവേഷകയായ ചേർന്ന ചേർന്ന ഷാഹിന, പിന്നീട് നെതർലൻസിലെ വിഖ്യാതമായ ട്വൻ്റെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി.
നെതർലൻസ്ഡിലെ പ്രമുഖ കമ്പനികളിൽ ജോലി നോക്കിയശേഷം പേറ്റന്റ് രംഗത്തേക്ക് ശ്രദ്ധ തിരിച്ച ഷാഹിന, യൂറോപ്യൻ ക്വാളിഫിക്കേഷൻ എക്സാം (EQE) വിജയിച്ചിരുന്നു. അന്തരിക്കുമ്പോൾ നെതർലൻ്റ്സ് സർക്കാറിന്റെ ശാസ്ത്ര സ്‌ഥാപനമായ എൻഎൽയിൽ ജോലി ചെയ്യുകയായിരുന്നു. ഇന്ത്യയിലും വിദേശത്തും ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച നിരവധി സെമിനാറുകളിൽ അവർ പങ്കെടുത്തിരുന്നു. ടെലികമ്യൂണിക്കേഷൻസ് സ്റ്റാൻഡേർഡ്‌സ് ഡെവലപ്മെന്റ് സൊസൈറ്റി ഈയിടെ ബെംഗളൂരുവിൽ നടത്തിയ സെമിനാറിൽ ഡോ. ഷാഹിന സംബന്ധിച്ചിരുന്നു. സാമൂഹിക രാഷ്ട്രീയ ഭൗമ ശാസ്ത്ര വിഷയങ്ങളിൽ അത്യന്തം സജീവമായി ഇടപെട്ടിരുന്ന ഡോ. ഷാഹിന അബ്ദുള്ള ലോക കേരള സഭയിൽ നെതർലാൻഡ്‌സിൽനിന്നുള്ള അംഗമായി. ഷാഹിനയുടെ മരണത്തിൽ ലോക കേരള സഭ അനുശോചനം രേഖപ്പെടുത്തി. മക്കൾ ആദിത്യ (17), അമേയ (10).



