കൊച്ചി: 29 മാസ കാലയളവു കൊണ്ട് അരക്കോടി യാത്രക്കാരെ സ്വന്തമാക്കി കൊച്ചി വാട്ടർമെട്രോ. 2023 ഏപ്രിൽ 25 നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. അന്നു മുതൽ ഇന്നുവരെ 50 ലക്ഷം പേരാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. ഒരു ലൈറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് വളരെ അപൂർവ്വാണ്. ഇതോടെ ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. ഇന്ന് (സെപ്റ്റംബർ 20) ഉച്ചയോടെ ഫോർട്ട് കൊച്ചിയിലേക്ക് യാത്രചെയ്യാനെത്തിയ ഓസ്ട്രേലിയൻ മലയാളി ദമ്പതികളായ നൈനയും അമലും ഹൈക്കോർട്ട് ടെർമിനലിലെ കൗണ്ടറിൽ നിന്ന് ഫോർട്ട് കൊച്ചിക്ക് ടിക്കറ്റെടുത്തതോടെ ഇതേവരെ യാത്ര ചെയ്തവരുടെ എണ്ണം അരക്കോടി കടന്നു. ഈ ചരിത്ര നേട്ടത്തിന് സാക്ഷിയായ നൈനയ്ക്ക് വാട്ടർമെട്രേയുടെ ഉപഹാരം കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ സമ്മാനിച്ചു. ചുരുങ്ങിയ റൂട്ടിൽ സർവ്വീസ് നടത്തി ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കാനായത് കൊച്ചി വാട്ടർ മെട്രോ ഒരുക്കുന്ന ഉന്നത നിലവാരത്തിലുള്ള യാത്ര അനുഭവം കാരണമാണെന്ന് ചടങ്ങിൽ ലോക്നാഥ് ബെഹ്റ പറഞ്ഞു.



