ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ അഞ്ച് പേരെ കാണാതായി. ശക്തമായ മലവെള്ളപ്പാച്ചിലിൽ ആറ് കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നു.
ബുധനാഴ്ച രാത്രി വൈകിയാണ് നന്ദാ നഗറിൽ സംഭവം നടന്നത്. രണ്ട് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും, കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഒരു മെഡിക്കൽ ടീമും മൂന്ന് ആംബുലൻസുകളും ദുരന്തബാധിത മേഖലയിലേക്ക് എത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. ചമോലിയിൽ കൂടുതൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
നാല് ദിവസം മുമ്പ് സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിലുണ്ടായ മേഘവിസ്ഫോടനത്തിൽ 13 പേർ മരിക്കുകയും റോഡുകൾ തകരുകയും വീടുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. രണ്ട് പ്രധാന പാലങ്ങൾ തകർന്നതിനാൽ മറ്റ് സ്ഥലങ്ങളിലേക്കുള്ള നിരവധി വഴികൾ പൂർണ്ണമായി അടഞ്ഞു.
ഡെറാഡൂൺ, ചമ്പാവത്, ഉധം സിംഗ് നഗർ എന്നിവിടങ്ങളിൽ സെപ്റ്റംബർ 20 വരെ അതിശക്തമായ മഴയ്ക്കും കൂടുതൽ നാശനഷ്ടങ്ങൾക്കും ഉരുൾപൊട്ടലിനും അടിസ്ഥാന സൗകര്യങ്ങൾ തകരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തുടനീളം 15 പേരെ കാണാതായി, 900-ലധികം ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. അവശ്യ സേവനങ്ങൾ വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ബുധനാഴ്ച പറഞ്ഞു.
“തകർന്ന അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കാനും റോഡ്, വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാനുമാണ് ഞങ്ങളുടെ ശ്രമം,” ധാമി പറഞ്ഞു. കേടുപാടുകൾ സംഭവിച്ച വൈദ്യുതി ലൈനുകളിൽ 85 ശതമാനവും പുനഃസ്ഥാപിച്ചതായും ബാക്കിയുള്ളവ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡിന് പുറമെ, ഹിമാചൽ പ്രദേശിലും ഈ ആഴ്ചയുണ്ടായ കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു.



