തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം വാങ്ങാതെ മടക്കിയയച്ച പുള്ളിലെ കൊച്ചുവേലായുധന് സി.പി.എം വീടു നിർമിച്ചുനൽകും. സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ പുള്ളിലെ കൊച്ചുവേലായുധന്റെ വീട്ടിലെത്തിയാണ് ഈ ഉറപ്പുനൽകിയത്. വീടിന്റെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍പ്പ് പുള്ളിൽ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കലുങ്ക് വികസന സംവാദ’ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൊച്ചുവേലായുധൻ വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായം അഭ്യർഥിച്ച് നിവേദനം നൽകാൻ ശ്രമിച്ചത്. എന്നാൽ, ‘നിവേദനം സ്വീകരിക്കലല്ല എം.പിയുടെ പണി’ എന്ന് പറഞ്ഞ് സുരേഷ് ഗോപി കവർ തുറന്നുപോലും നോക്കാതെ നിവേദനം നിരസിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചയായി. ഇതിന് പിന്നാലെയാണ് കൊച്ചുവേലായുധന് വീടൊരുക്കാൻ സി.പി.എം മുന്നോട്ടുവന്നത്.‘പഞ്ചായത്തിൽ പൊക്കോ’; സുരേഷ് ഗോപി തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നയിക്കുന്ന ‘കലുങ്ക് സൗഹൃദ സംവാദ’ത്തിൽ പരാതിയുമായെത്തിയ വയോധികനെ മടക്കിയയച്ച് മന്ത്രി. ‘പരാതികളൊക്കെ അങ്ങ് പഞ്ചായത്തിൽ കൊണ്ടുകൊടുത്താൽ മതി, ഇത് വാങ്ങൽ എം.പിയുടെ പണിയല്ല’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. നടനും ബി.ജെ.പി സഹയാത്രികനുമായ ദേവൻ, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവരെയടക്കം പങ്കെടുപ്പിച്ചാണ് കഴിഞ്ഞ ദിവസം പരിപാടി അരങ്ങേറിയത്. തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിലായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ‘കലുങ്ക് സൗഹാര്‍ദ വികസന സംവാദം’ നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി വികസനകാര്യങ്ങൾ ചർച്ചചെയ്യുന്നതിനായാണ് സംവാദം സംഘടിപ്പിച്ചത്. ഈ സംവാദം നടക്കുന്നതിനിടെയാണ് ഒരു വയോധികന് കവറില്‍ അപേക്ഷയുമായി വന്നത്.കവര്‍ അദ്ദേഹം സുരേഷ് ഗോപിക്കുനേരെ നീട്ടിയപ്പോള്‍ വാങ്ങാൻ വിസമ്മതിച്ചു. ശേഷമാണ് ‘‘ഇതൊന്നും എം.പിക്കല്ല, പോയി പഞ്ചായത്തില്‍ പറയൂ’’ എന്ന് സുരേഷ് ഗോപി പറഞ്ഞത്. തുടർന്ന് പരാതിയുമായി വയോധികൻ പിന്മാറിയപ്പോൾ പിന്നാലെവന്ന പരാതിക്കാരും പരാതി നൽകാൻ മടിച്ചു. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളിൽ മാത്രമേ എം.പി ഫണ്ട് നൽകുകയുള്ളോ എന്ന ചോദ്യത്തിന് ‘തൽക്കാലം അതേ പറ്റൂ ചേട്ടാ’ എന്നായിരുന്നു പരിഹാസരൂപത്തിലുള്ള മറുപടി.മൂന്ന് എം.പിമാർ ചെയ്തതിൽ കൂടുതൽ കാര്യങ്ങൾ താൻ തൃശൂരിനുവേണ്ടി ചെയ്യുമെന്നും നഗരവികസനത്തിന് തൃശൂർ കൂടി ഇങ്ങ് ബി.ജെ.പിക്ക് തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. അതേസമയം, ബി.ജെ.പിയുടെ പുതിയ കലുങ്ക് ചർച്ച പരസ്യ ഏജൻസിയെ ഉപയോഗിച്ചുള്ള പ്രഹസനമാണെന്ന് എതിരാളികൾ ആരോപിച്ചു. ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകളെ അനുസ്മരിപ്പിക്കുന്നതാണെന്നും ഗ്രാമമുഖ്യനെ പോലെയാണ് സുരേഷ് ഗോപിയുടെ പെരുമാറ്റമെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു.



