Monday, March 23, 2026
No menu items!
Homeവാർത്തകൾസൂരജ്.ആര്‍.എസി ന് മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌ക്കാരം

സൂരജ്.ആര്‍.എസി ന് മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌ക്കാരം

മലയിന്‍കീഴ് : മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌ക്കാരം സൂരജ്.ആര്‍.എസ്സിന്. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കാര്‍ഷിക ദിനാചരണ പരിപാടിയില്‍ വച്ച് ഐ.ബി.സതീഷ് എം.എല്‍.എ പുരസ്‌കാരം സൂരജിന് കൈമാറി. സ്വപ്രയത്‌നം മാത്രമല്ല, പഞ്ചായത്തിന്റെ സഹായം കൂടിയാണ് ഈ നേട്ടം കൈവരിക്കാന്‍ തന്നെ പ്രാപ്തനാക്കിയതെന്ന് സൂരജ് പറയുന്നു.
കാര്‍ഷികപെരുമയ്ക്ക് പേരുകേട്ട മലയിന്‍കീഴ് എന്ന ഗ്രാമത്തെ ക്ഷീരസമൃദ്ധികൊണ്ട് പാലാഴിയാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് സൂരജ്.ആര്‍.എസ് എന്ന ഈ ചെറുപ്പക്കാരന്‍. വിദേശത്ത് ഡ്രാഫ്റ്റ്‌സ്മാനായി ജോലിനോക്കിയിരുന്ന സൂരജ് കൊറോണക്കാലത്താണ് നാട്ടിലെത്തിയത്. ഇനി തിരിച്ചുപോകുന്നില്ലെന്നും നാട്ടില്‍ തന്നെ എന്തെങ്കിലും ജോലിചെയ്ത് ജീവിക്കാമെന്നുമുള്ള സൂരജിന്റെ തീരുമാനമാണ് വലിയകട ഫാം എന്ന സംരംഭത്തിന് ആരംഭം കുറിക്കാന്‍ ഇടയാക്കിയത്.
ജനങ്ങള്‍ക്ക് നല്ല പാല്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സൂരജ് ആദ്യം വാങ്ങിയത് ഒരു പശുവിനെയാണ്. ഒരു പശുവില്‍ നിന്നും ആരംഭിച്ച ഈ യുവ ക്ഷീരകര്‍ഷകന്റെ സംരംഭം ഇന്ന് ചുണക്കുട്ടന്മാരായ പത്ത് പശുക്കളില്‍ എത്തി നില്‍ക്കുന്നു. സൊസൈറ്റിയിലും പഞ്ചായത്തിലെ വിവിധ കടകളിലും സൂരജ് പാല്‍ വിതരണം ചെയ്യുന്നുണ്ട്.
പത്ത് സെന്റില്‍ സ്ഥിതിചെയ്യുന്ന സൂരജിന്റെ ഫാമില്‍ നാല് ഹൈബ്രീഡും നാല് ജഴ്‌സിയും രണ്ട് കുട്ടി പശുക്കളുമാണുള്ളത്. രാവിലെ നാലിനാണ് സൂരജിന്റെ ഒരു ദിനം ആരംഭിക്കുന്നത്. രണ്ട് നേരത്തെ കറവയ്‌ക്കൊപ്പം പശുക്കള്‍ക്ക് ആഹാരം നല്‍കലും കുളിപ്പിക്കലും തൊഴുത്ത് വൃത്തിയാക്കലുമെല്ലാം കൃത്യസമയങ്ങളില്‍ മുടങ്ങാതെ നടക്കും. ഫാന്‍ കൂടാതെ ഉഷ്ണസമയത്ത് ഫാമിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താനായി മികച്ച സംവിധാനവും സൂരജ് ഒരുക്കിയിട്ടുണ്ട്. ഫാമിന്റെ മേല്‍ക്കൂര ചൂടാകുമ്പോള്‍ ഒന്ന് സ്വിച്ചില്‍ വിരലമര്‍ത്തുകയേ വേണ്ടൂ, ചാറ്റല്‍മഴ പോലെ മേല്‍ക്കൂരയ്ക്കു മുകളില്‍ വെള്ളം ചീറ്റും.
ഫാമിലെ ചാണകവും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും മികച്ച രീതികളാണ് സൂരജ് സ്വീകരിച്ചിട്ടുള്ളത്. കൂടാതെ ഒരു ബയോഗ്യാസ് പ്ലാന്റും ഇവിടെ പ്രവര്‍ത്തിക്കുന്നു. പശുക്കള്‍ക്ക് വൃത്തിയുള്ള അന്തരീക്ഷവും കൃത്യമായ പരിചരണവും നല്‍കിയാല്‍ രോഗങ്ങള്‍ അകന്നിരിക്കുമെന്നാണ് സൂരജിന്റെ അഭിപ്രായം.
സുപ്രീംമിക്‌സിന്റെ കാലിത്തീറ്റയും പച്ചപ്പുല്ലുമാണ് പശുക്കള്‍ക്ക് ആഹാരമായി നല്‍കുന്നത്. തീറ്റപ്പുല്ല് സൂരജിന്റെ കൃഷിയിടത്തില്‍ തന്നെ വളര്‍ത്തുന്നതാണ്. തീറ്റയും ശുദ്ധജലവും കൃത്യമായി കിട്ടുന്നതുകൊണ്ടു തന്നെ പാല് ചുരത്താന്‍ പശുക്കള്‍ക്ക് യാതൊരു മടിയുമില്ല.
മലയിന്‍കീഴ് മഠത്തിങ്ങല്‍ക്കര അനിഴത്തില്‍ രവീന്ദ്രന്‍നായരുടേയും സുധയുടേയും രണ്ട് മക്കളില്‍ മൂത്തമകനാണ് സൂരജ്. മലയിന്‍കീഴ് ഗവ.സ്‌ക്കൂളിലും മാറനല്ലൂര്‍ ഡി.വി.എന്‍.എം.എന്‍.എന്‍.എം.എച്ച്.എസ്.എസിലും ചാക്ക ഐ.റ്റി.ഐയിലുമായിരുന്നു സൂരജിന്റെ പഠനം.
ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ കൈയെത്തും ദൂരത്തു തന്നെ നമുക്ക് തൊഴിലുണ്ട്. തൊഴിലും വരുമാനമാര്‍ഗ്ഗവുമായി കാര്‍ഷിക മേഖലയെ തിരഞ്ഞെടുത്താല്‍ നമുക്കൊരു വിപ്ളവം തന്നെ സൃഷ്ടിക്കാനാകും. മടിച്ചിരുന്ന് മുരടിക്കേണ്ടവരല്ലെന്നും മാന്യമായി ജീവിച്ച് സമൂഹത്തിന് മാതൃകയാകേണ്ടവരാണ് നാമെന്നും ഗ്രാമപഞ്ചായത്തും കൃഷിഭവനും തന്റെ സംരംഭത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും അധികൃതരുടേയും വീട്ടുകാരുടേയും മികച്ച പിന്തുണയാണ് മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌ക്കാരത്തിളക്കത്തിന് തന്നെ പ്രാപ്തനാക്കിയതെന്നും അഭിമാനപൂര്‍വ്വം സൂരജ് കൂട്ടിച്ചേര്‍ക്കുന്നു.
ആരതിയാണ് സൂരജ്.ആര്‍.എസ്സിന്റെ ഭാര്യ. ആരജ് കൃഷ്ണ, ആദ്രിക കൃഷ്ണ എന്നിവര്‍ മക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments