ദില്ലി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കുള്ള 300 രൂപ സബ്‌സിഡി തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനം പ്രകാരം, 2025-26 വർഷത്തേക്ക് പിഎംയുവൈ ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 300 രൂപ സബ്‌സിഡി നൽകും. പ്രതിവർഷം 9 സിലിണ്ടറുകളായിരിക്കും അനുവദിക്കുക. മൊത്തത്തിൽ പിഎംയുവൈ ഉപഭോക്താക്കൾക്കായി സബ്‌സിഡി ഇനത്തിൽ 12,000 കോടി മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് നിക്ഷേപ രഹിത എൽപിജി കണക്ഷൻ നൽകുക എന്ന ലക്ഷ്യത്തോടെ 2016 മെയ് മാസത്തിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ആരംഭിച്ചത്. 2025 ജൂലൈ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്തുടനീളം ഏകദേശം 10.33 കോടി പിഎംയുവൈ കണക്ഷനുകളുണ്ട്.
പിഎംയുവൈയുടെ എല്ലാ ഗുണഭോക്താക്കൾക്കും ഡെപ്പോസിറ്റ്-ഫ്രീ എൽപിജി കണക്ഷൻ ലഭിക്കും. സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ്, പ്രഷർ റെഗുലേറ്റർ, സുരക്ഷാ ഹോസ്, ഗാർഹിക ഗ്യാസ് കൺസ്യൂമർ കാർഡ് ബുക്ക്‌ലെറ്റ്, ഇൻസ്റ്റാളേഷൻ ചാർജുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉജ്ജ്വല യോജന 2.0 യുടെ നിലവിലുള്ള രീതികൾ അനുസരിച്ച്, എല്ലാ ഗുണഭോക്താക്കൾക്കും ആദ്യ സിലിണ്ടറും സ്റ്റൗവും സൗജന്യമായി നൽകുന്നുണ്ട്. ഇതിന് ഉപഭോക്താക്കളിൽ നിന്ന് യാതൊരു പൈസയും ഇടാക്കുന്നില്ല
ഇതുകൂടാതെ, എൽപിജിയുടെ അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുളിൽ നിന്ന് പിഎംയുവൈ ഗുണഭോക്താക്കളെ സംരക്ഷിക്കുന്നതിനും, ഗ്യാസ് കണക്ഷൻ താങ്ങാനാവുതാക്കി മാറ്റുന്നതിലൂടെ എൽപിജിയുടെ സുസ്ഥിര ഉപയോഗം സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. 2022 ൽ പിഎംയുവൈ ഉപഭോക്താക്കൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾ അനുവദിക്കുകയും 14.2 കിലോഗ്രാം സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകുകയും ചെയ്തു. 2023 ൽ ഇത്, 300 രൂപയായി സർക്കാർ വർദ്ധിപ്പിച്ചു.