ബ്രസീലിയ: അമേരിക്കയുടെ താരിഫ് ഭീഷണി ഇന്ത്യയും ബ്രസീലും ഒരുമിച്ച് നേരിടുമെന്ന് ബ്രസീല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏകപക്ഷീയ തീരുവയെക്കുറിച്ച് ചർച്ച നടത്തിയെന്ന് ബ്രസീൽ പ്രസിഡന്‍റ് ലുല ദ സിൽവ അറിയിച്ചു. തീരുവ വിഷയം ചര്‍ച്ചയായെന്ന് കേന്ദ്രം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കന്‍ സമ്മര്‍ദ്ദം നേരിടാന്‍ കൂട്ടായ നീക്കത്തിന് ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചനയുണ്ടെന്നാണ് വിവരങ്ങൾ. അതേസമയം, അധിക തീരുവയിലൂടെ 100 മില്യണിന്റെ വരുമാന വര്‍ധനയുണ്ടായെന്നാണ് അമേരിക്ക അറിയിക്കുന്നത്.
ഇന്നലെ ഒരു മണിക്കൂർ നീണ്ടു നിന്ന സംഭാഷണമാണ് ലുല ദ സിൽവയും മോദിയും തമ്മിൽ നടത്തിയത്. തീരുവ സമ്മർദ്ദം നേരിടാനുള്ള വഴികൾ ബ്രിക്സ് രാജ്യങ്ങൾ കൂട്ടായി ആലോചിച്ചേക്കും. ലുല ദ സിൽവയും മോദിയുമായുള്ള ചർച്ചയെക്കുറിച്ചുള്ള വാർത്താക്കുറിപ്പിൽ തീരുവ സംബന്ധിച്ച പരാമർശം ഇന്ത്യ ഒഴിവാക്കിയിരുന്നു. കർഷക താല്പര്യം സംരക്ഷിക്കാൻ എന്തുവിലയും നൽകാൻ തയ്യാറെന്നായിരുന്നു പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.
ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണത്തിൽ വ്യാപാര, സാങ്കേതിക വിദ്യ, ഊര്‍ജ, പ്രതിരോധ, കാര്‍ഷിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകളെക്കുറിച്ചടക്കം സംസാരിച്ചു. കഴിഞ്ഞ മാസം ബ്രസീൽ സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയ വ്യാപാര ഇടപാടുകളടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയായി. ഇന്ത്യയും ബ്രസീലും തമ്മിലുള്ള പങ്കാളിത്തം പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നകാര്യമടക്കം സംസാരിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്