കൊച്ചി: കൊവിഡ് കാലത്ത് രോഗികളെ പാർപ്പിക്കാൻ സർക്കാർ ഉപയോഗിച്ച സ്വകാര്യ കെട്ടിടങ്ങൾക്ക് വാടക കുടിശിക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് സ്വകാര്യ കെട്ടിടം ഉപയോഗിച്ചാൽ വാടകയും നഷ്ടപരിഹാരവും നൽകാൻ സർക്കാർ നിയമപരമായി ബാധ്യസ്ഥരാണ്. അനധികൃത നിർമാണമാണ് എന്നതിന്‍റെ പേരിൽ വാടക നിഷേധിക്കാനാകില്ല.
വർക്കല എസ് ആർ ട്രസ്റ്റിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടുത്തെ ഉപകരണങ്ങളുമാണ് കൊവിഡ് കാലത്ത് രോഗികളെ പാർപ്പിക്കാൻ സർക്കാർ വാടയ്ക്ക് എടുത്തത്. എന്നാൽ അനധികൃത കെട്ടിടമാണിതെന്നാരോപിച്ച് പിന്നീട് വാടക നിഷേധിക്കുകയായിരുന്നു. സർക്കാർ നിലപാട് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വാടക നൽകാൻ ഹൈക്കോടതി നിർദേശിച്ചത്. കെട്ടിടത്തിന്‍റെ നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ സർക്കാരിന് നിയമനടപടി സ്വീകരിക്കാം.