കൊച്ചി: പ്രൊഫസർ എം കെ സാനുവിന് മലയാള സാഹിത്യലോകം ഇന്ന് യാത്രാമൊഴി ചൊല്ലും. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു മലയാള സാഹിത്യത്തറവാട്ടിലെ കാരണവരായ സാനുമാഷിന്റെ വിയോഗം.
രാവിലെ എട്ടുമണിയോടെ മൃതദേഹം ഇടപ്പളളി അമൃത ആശുപത്രി മോർച്ചറിയിൽ നിന്ന് കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഒമ്പതു മണി മുതൽ വീട്ടിൽ പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷം പത്തുമണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം നടക്കും. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫസർ എം കെ സാനുവിന് ശിഷ്യഗണങ്ങളും കൊച്ചി പൗരാവലിയും ഇന്ന് അന്തിമോപചാരം അർപ്പിക്കും.
എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 5 .35 ന് 99 വയസായിരന്നു പ്രൊഫ എംകെ സാനുവിന്റെ മരണം. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്