ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ജയില്‍മോചിതനായതിന് പിന്നാലെ ശനിയാഴ്ച ആം ആദ്മി പാർട്ടിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘സ്വേച്ഛാധിപത്യ’ത്തിനെതിരേ പ്രതിപക്ഷനേതാക്കള്‍ ഒത്തുചേരുകയാണെങ്കില്‍ കെജ്രിവാള്‍ 24 മണിക്കൂറിനകം ജയിലിന് പുറത്തെത്തുമെന്നും സിസോദിയ പറഞ്ഞു. ഡല്‍ഹി മദ്യനയക്കേസില്‍ 17 മാസത്തെ ജയില്‍വാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് സിസോദിയ ജയില്‍മോചിതനായത്. ജനങ്ങള്‍ രാജ്യത്തെ സ്വേച്ഛാധിപത്യത്തിനെതിരേ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയേക്കാള്‍ ശക്തരല്ല ഈ ആള്‍ക്കാരെന്നും ബി.ജെ.പിയെ ലക്ഷ്യമാക്കി സിസോദിയ പറഞ്ഞു. നേതാക്കളെ ജയിലില്‍ അടയ്ക്കുക മാത്രമല്ല, പൗരന്മാരെ ദ്രോഹിക്കുകയും ചെയ്യുന്ന ‘ സ്വേച്ഛാധിപത്യ’ത്തിനെതിരേ ഓരോ വ്യക്തിയും പോരാടണം. നമ്മള്‍ രഥത്തിന്റെ കുതിരകള്‍ മാത്രമാണ്. നമ്മുടെ യഥാർഥ സാരഥി ജയിലിലാണ്. അദ്ദേഹം ഉടൻ പുറത്തുവരും, സിസോദിയ പറഞ്ഞു.



