തൊടുപുഴ: ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു.
സുരക്ഷാ സംവിധാനങ്ങളും മതിയായ രേഖകളും ഉടന്‍ ഒരുക്കണമെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. പൊലീസും പഞ്ചായത്തുകളും മോട്ടര്‍ വാഹന വകുപ്പും വനവകുപ്പും ഉള്‍പ്പെടെ ഉത്തരവ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ജൂലൈ 10ന് മുന്‍പ് രേഖകള്‍ സമര്‍പ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജീപ്പ് സവാരി അനുവദിക്കൂ. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനമെങ്കിലും വിനോദസഞ്ചാരത്തിന് അല്ലാതെ യാത്രക്കായുള്ള ജീപ്പുകള്‍ക്ക് നിരോധനം ബാധകമാണോയെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നില്ല.
കഴിഞ്ഞ ദിവസം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു. മൂന്നാറില്‍ 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉള്‍പ്പെടെ എട്ട് പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.