കൊച്ചി: ചാരവൃത്തി കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മൽഹോത്ര
കേരളത്തിലെത്തിയത് സംസ്ഥാനസര്‍ക്കാര്‍ ക്ഷണിച്ചതു പ്രകാരം. സംസ്ഥാന ടൂറിസം വകുപ്പാണ് ജ്യോതിയെ ക്ഷണിച്ചത്. സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലയിലായിരുന്നു ക്ഷണം. കേരള ടൂറിസം മേഖലയുടെ പ്രമോഷനായിരുന്നു ലക്ഷ്യമിട്ടത്.
ടൂറിസം വകുപ്പിന്റെ സോഷ്യല്‍ മീഡിയ പ്രമോഷന്റെ ഭാഗമായിട്ടാണ് ജ്യോതി മല്‍ഹോത്ര അടക്കമുള്ളവരെ എത്തിച്ചിരുന്നതെന്ന് പുറത്തുവന്ന വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. യാത്രാ ചെലവ്, താമസം, പണം ഉള്‍പ്പെടെ ടൂറിസം വകുപ്പ് നല്‍കിയിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിരുന്നു.
കൊച്ചിന്‍ ഷിപ് യാര്‍ഡ്, മട്ടാഞ്ചേരി, ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ , ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍, തൃശൂര്‍ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, മൂന്നാര്‍, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അതിരപ്പിള്ളി, തേക്കടി, കോവളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍, വര്‍ക്കല, ഇരവികുളം ദേശീയ ഉദ്യോനം തുടങ്ങിയ ഇടങ്ങളില്‍ ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ജ്യോതി മല്‍ഹോത്ര നിലവില്‍ ജയിലിലാണ്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്ന സമയത്താണ് ജ്യോതി മല്‍ഹോത്ര കേരളം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയതിന് കഴിഞ്ഞ മെയ് മാസത്തിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത്.