കോഴിക്കോട്: ഇടക്കിടെ നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനത്ത് ഓരോ തവണ രോഗം റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ആളുകൾ കൂട്ടമായും തനിച്ചും വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങൾ നശിപ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ, ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും വവ്വാലുകളുടെ ആവാസ വ്യവസ്ഥകൾക്ക് കോട്ടംതട്ടുന്നില്ലെന്ന് ഉറപ്പാക്കൽ അത്യാവശ്യമാണെന്നും വിദഗ്ധർ പറഞ്ഞു. വവ്വാലുകളുടെ ആവാസവ്യവസ്ഥയിൽ നേരിടുന്ന പ്രശ്നങ്ങൾ, മനുഷ്യ-വവ്വാൽ ഇടപെടൽ തുടങ്ങിയവയിൽ കൂടുതൽ പഠനം ആവശ്യമാണെന്നും ഇവർ ആവശ്യപ്പെടുന്നു. കോഴിക്കോട്, വയനാട് ജില്ലകളിൽ വവ്വാലുകളുടെ ആവാസ വ്യവസ്ഥക്ക് നാശം സംഭവിച്ചതായി രണ്ട് പഠനങ്ങളിൽ കണ്ടെത്തിയതായി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ സെന്റർ ഫോർ വൈൽഡ് സ്റ്റഡീസ് വന്യജീവി പഠന കേന്ദ്രത്തിലെ ഫാക്കൽറ്റി ഡോ. ജോർജ് ചാണ്ടി പറഞ്ഞു. വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് നിപ പകരുന്നത് എങ്ങനെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനാൽ വവ്വാലുകളുമായി ഇടപഴകുന്ന സാഹചര്യങ്ങൾ ഇല്ലാതെ സൂക്ഷിക്കണം. വവ്വാലുകളിൽ സമ്മർദം വർധിക്കുമ്പോൾ നിപ വൈറസ് കൂടുതലായി പുറം തള്ളാനിടയാക്കും.ഓരോ തവണ രോഗം റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും പല സ്ഥലങ്ങളിലും വവ്വാലുകൾ കൂടുകൂട്ടുന്ന മരങ്ങളും മറ്റും നശിപ്പിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. സെന്റർ ഫോർ വൈൽഡ് സ്റ്റഡീസ് വിദ്യാർഥികൾ നടത്തിയ പഠനങ്ങളിൽ, പല സ്ഥലങ്ങളിലും നേരത്തേ കണ്ടെത്തിയ വവ്വാൽ ആവാസകേന്ദ്രങ്ങൾ പലതും പിന്നീട് അതേ രീതിയിൽ കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിപ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ വവ്വാലുകളെ തുരത്താൻ പടക്കം പൊട്ടിക്കുക, എയർഗൺ ഉപയോഗിക്കുക തുടങ്ങിയ രീതികളും കണ്ടുവരുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് സെന്റർ നോഡൽ ഓഫിസർ ടി.എസ് അനീഷ് ഉൾപ്പെടെയുള്ള വിദഗ്ധർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 2024 ഡിസംബറിൽ പി.എൽ.ഒ.എസ് ഗ്ലോബൽ പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, കേരളത്തിൽ ആറുതവണ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ നാലെണ്ണം (2018, 2019, 2023, 2024 ജൂലൈ) എൽനിനോ വർഷങ്ങളിലാണെന്ന് വ്യക്തമാക്കുന്നുണ്ട്. പഴങ്ങൾ പഴുത്തുപാകമാകുന്ന സമയങ്ങളിലായിരുന്നു മനുഷ്യരിലേക്കുള്ള അണുബാധയെന്നും പഠനം പറയുന്നു. വവ്വാലുകളെ തുരത്താനുള്ള ശ്രമങ്ങൾ നേരിട്ടോ അല്ലാതെയോ ഇടപഴകാനുള്ള സാധ്യത വർധിപ്പിക്കുമെന്നും രോഗബാധിതരായ വവ്വാലുകൾ മറ്റിടങ്ങളിലേക്ക് കുടിയേറാൻ കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.