നിരവധി ആപ്പുകളുടെ ഉപജ്ഞാതാവാണ് അമേരിക്കക്കാരനായ നികിത ബിയെർ . വൈറാലിറ്റിയുടെ രാജാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നതുതന്നെ. എന്നുവെച്ചാൽ, തൊട്ടതെല്ലാം വൈറലാക്കിയെന്ന് ചുരുക്കം. നികിതയുടെ കഴിവിൽ ഇപ്പോൾ കണ്ണുവെച്ചിരിക്കുന്നത് ടെക്ഭീമനായ സാക്ഷാൽ ഇലോൺ മസ്ക് തന്നെയാണ്. എക്സിന്റെ പ്രൊഡക്ട് വിഭാഗം മേധാവിയായി അദ്ദേഹത്തെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. മസ്ക് ഏറ്റെടുക്കുന്നതിനുമുമ്പ് ട്വിറ്റർ എന്ന പേരിൽ അറിയപ്പെടുമ്പോൾ തന്നെ നികിത ബിയെറിനെ കമ്പനിയിലെടുക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. അതാണ് ഇപ്പോൾ മസ്ക് പൂർത്തീകരിച്ചിരിക്കുന്നത്.2022 ഒക്ടോബറിൽ മസ്ക് ഏറ്റെടുത്തശേഷം എക്സ് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നു. പ്രശസ്തരായ നിരവധി ഉപയോക്താക്കൾ എക്സ് വിട്ടുപോയി. ബ്ലൂസ്കൈ, ത്രെഡ്സ് പോലുള്ള പുതിയ എതിരാളികളും വെല്ലുവിളി സൃഷ്ടിച്ചു. ഇതിനെല്ലാം പരിഹാരം കാണാനാണ് നികിത ബിയെറിന്റെ വരവ്. കാലിഫോർണിയ സർവകലാശാലയിലെ മുൻ വിദ്യാർഥിയായ ബിയെർ കൗമാരക്കാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ആപ്പുകളിലൂടെയാണ് പ്രശസ്തനായത്. അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് അജ്ഞാതവും സൗഹൃദപരവുമായ വോട്ടെടുപ്പുകളിൽ പങ്കെടുക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമായ ടി.ബി.എച്ച് (ടു ബി ഓണസ്റ്റ്) ആണ് ഇതിലൊന്ന്. സഹപാഠികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പോസിറ്റിവായ ഉത്തരങ്ങൾ നൽകി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ആപ്പിന്റെ ലക്ഷ്യം. 2017ൽ മെറ്റ ഇത് ഏറ്റെടുത്തു. ഹൈസ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള ‘ഗാസ്’ എന്ന ആപ്ലിക്കേഷനാണ് മറ്റൊന്ന്. ഇതും ടി.ബി.എച്ചിന് സമാനമാണ്. ഡൗൺലോഡ് ചാർട്ടുകളിൽ മികച്ച നിലയിലെത്തിയ ഗാസ് ആപ്പ് 2023ൽ ഡിസ്കോർഡ് വാങ്ങി.എ.ഐ വികസനത്തിന് വൻകിട കമ്പനികളുടെ തലപ്പത്ത് പ്രതിഭാദാരിദ്ര്യം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. അവിടേക്കാണ് വൈറൽ രാജാവിന്റെ കടന്നുവരവ്.