ദില്ലി: ആദ്യ രണ്ട് തവണ പ്രിലിംസ് പരീക്ഷയിൽ പരാജയം, മൂന്നാം ശ്രമത്തിൽ പ്രിലിംസ് കടന്നെങ്കിലും മെയിൻസ് കടമ്പ കടക്കാനായില്ല. പക്ഷേ തോറ്റുകൊടുക്കാൻ നേഹയ്ക്ക് മനസ്സുണ്ടായിരുന്നില്ല. നാലാം ശ്രമത്തിൽ അഖിലേന്ത്യാ റാങ്ക് 569 നേടി സിവിൽ സർവീസ് എന്ന സ്വപ്നം സ്വന്തമാക്കി അവൾ, നേഹ ബ്യാദ്‌വാൾ.
ഗുജറാത്തിൽ ഐ.എ.എസ്. ഓഫീസറായി ജോലി ചെയ്യുന്ന ഈ 25കാരിയുടെ വിജയഗാഥ കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും മികച്ച ഉദാഹരണമാണ്. മൂന്ന് വട്ടം പരാജയപ്പെട്ട ശേഷം അവൾ ഒരു തീരുമാനം എടുത്തു അതായിരുന്നു അവളുടെ ജീവിതത്തെ മാറ്റി മറിച്ചത്. മൊബൈൽ ഫോണുമായി മൂന്ന് വർഷത്തോളം നീണ്ട ഒരു ‘ബ്രേക്ക്അപ്പ്’ പറഞ്ഞു അവൾ.
രാജസ്ഥാനിൽ ജനിച്ച് ഛത്തീസ്ഗഢിലെ റായ്പൂരിൽ വളർന്ന നേഹയുടെ ജീവിതത്തിലെ ആദ്യത്തെ പരാജയം അഞ്ചാം ക്ലാസിലായിരുന്നു. എന്നാൽ, ആ പരാജയം അവരെ തളർത്തിയില്ല. അത് പഠിക്കാനും വെല്ലുവിളികളെ അതിജീവിക്കാനുമുള്ള പ്രചോദനമായി മാറി. പിന്നീട് ഭോപ്പാലിലേക്ക് താമസം മാറിയപ്പോൾ, ഹിന്ദി സംസാരിച്ചാൽ പിഴ ഈടാക്കിയിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് നേഹ പഠിച്ചത്. അവിടെയും ഭാഷാപരമായ വെല്ലുവിളികളെ അതിജീവിച്ച് അവൾ പഠിച്ചു.
അങ്ങനെ ഒരു സിവിൽ സർവൻ്റായ, സീനിയർ ഇൻകം ടാക്സ് ഓഫീസറായ പിതാവിൻ്റെ പാത പിന്തുടർന്ന് നേഹ യു.പി.എസ്.സി. പരീക്ഷ എഴുതാൻ തീരുമാനിച്ചു. ഇവിടെയും നേഹയെ കാത്തിരുന്നത് തുടർച്ചയായ മൂന്ന് പരാജയങ്ങൾ. ഇതിന് ശേഷമാണ് മൊബൈൽ ഫോൺ പൂർണ്ണമായി ഉപേക്ഷിച്ച് പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ നേഹ തീരുമാനിച്ചത്. ദിവസവും 17-18 മണിക്കൂർ പഠിച്ചു, മൂന്ന് വർഷത്തോളം മൊബൈൽ ഫോൺ ഉപയോഗിച്ചില്ല. ഈ കഠിനാധ്വാനം വെറുതെയായില്ല. 24-ാം വയസ്സിൽ മൊത്തം 960 മാർക്ക് നേടി ഐ.എ.എസ്. ഓഫീസറാകുക എന്ന തൻ്റെ സ്വപ്നം അവർ നേടിയെടുത്തു.
പലപ്പോഴും വിദ്യാർത്ഥികളല്ല, മറിച്ച് മാതാപിതാക്കളാണ് യഥാർത്ഥ ത്യാഗങ്ങൾ ചെയ്യുന്നതെന്നാണ് നേഹ ഉറച്ചുവിശ്വസിക്കുന്നു. എന്തെങ്കിലും മാറ്റിവയ്ക്കുന്ന ത്യാഗമല്ല, ജോലി കഴിഞ്ഞ് വീട്ടിലെത്തി ദിവസവും കുട്ടികൾക്ക് വേണ്ടി പരിശ്രമിക്കുമ്പോൾ, അത് ത്യാഗം തന്നെയാണഅ. ജോലി കഴിഞ്ഞെത്തി 30 മിനിറ്റിനുള്ളിൽ അച്ഛൻ തനിക്ക് കണക്ക് മുതൽ ചരിത്രം വരെയുള്ള വിഷയങ്ങളിൽ ക്ലാസെടുക്കുമായിരുന്നു എന്നും നേഹ ഓർത്തെടുത്തു.
നേഹയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കുടുംബം മുഴുവൻ ഒപ്പം നിന്നു. സഹോദരനും അമ്മായിയും ഉൾപ്പെടെ എല്ലാവരും അവസാന അഭിമുഖത്തിനായി നേഹയെ പരിശീനം നൽകി. “കഠിനാധ്വാനം, സ്ഥിരോത്സാഹം, ആവേശം, ഒരിക്കലും തോൽക്കരുത് എന്ന മനോഭാവം, സമയത്തെ എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കണം എന്നിവയെല്ലാം ഈ യാത്ര തന്നെ പഠിപ്പിച്ചു എന്നായിരുന്നു . തൻ്റെ യാത്രയെക്കുറിച്ച് നേഹ പറഞ്ഞത്.