തിരുവനന്തപുരം: കീം( കേരള എൻജിനീയറിങ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് എക്സാം) എൻജിനീയറിങ് യോഗ്യത പരീക്ഷയിലെ മാർക്ക് ഏകീകരണത്തിൽ വിദഗ്ധസമിതി നൽകിയ ശുപാർശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. എൻട്രൻസ് കമ്മീഷണറുടെ നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചതായി റിപ്പോർട്ട്.ഏകീകരണ ഫോർമുലയുടെ അടിസ്ഥാനത്തിൽ ഇന്ന് പുതിയ പ്രോസ്പെക്ടസ് സംബന്ധിച്ച ഉത്തരവിറക്കും. റാങ്ക് പട്ടിക ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കാനാണ് ശ്രമം. സമിതിയുടെ ശുപാർശയിൽ സർക്കാർ തീരുമാനമെടുക്കാൻ വൈകിയതാണ് കീം ഫലം വൈകാൻ കാരണമായത്. ഒരു വർഷം മുമ്പ് പൂർത്തിയാക്കേണ്ടിയിരുന്ന മാർക്ക് ഏകീകരണ നടപടിക്രമമാണ് ഈ കാരണത്താൽ നീണ്ടുപോയത്.തമിഴ്നാട് മോഡൽ ഏകീകരണമാണ് കേരളത്തിലും നടപ്പാക്കുന്നത്. പ്ലസ്ടുവിനും പ്രവേശന പരീക്ഷക്കും ഉയർന്ന മാർക്ക് നേടിയാലും സംസ്ഥാന സിലബസിലെ കുട്ടികൾക്ക് റാങ്ക് പട്ടികയിൽ മുന്നിൽ എത്താൻ ആകുന്നില്ലെന്ന് പരാതിയെ തുടർന്നാണ് ഫോർമുല പരിഷ്കരിക്കാൻ തീരുമാനമെടുത്തത്. കുട്ടികളും രക്ഷിതാക്കളും നിരന്തരമായി പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ മാറ്റം. നാലങ്ക വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫോർമുല രൂപീകരിച്ചത്.