ന്യൂഡൽഹി: ഇന്ത്യയിലെ അംഗീകാരമില്ലാത്ത എൽ.എൽ.എം ഡിഗ്രികൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ. ഓൺലൈനായും വിദൂര വിദ്യഭ്യാസം വഴിയും ഹൈബ്രിഡ് ഫോർമാറ്റിലും നൽകുന്ന കോഴ്സുകൾക്കെതിരെയാണ് മുന്നറിയിപ്പ്. നിയമ വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനം. 2020ലെ യു.ജി.സി റെഗുലേഷൻ, 2008ലെയും 2020ലെയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമ വിദ്യാഭ്യാസ നിയമങ്ങൾ, എന്നിവ പ്രകാരം പരമ്പരാഗത നടപടി ക്രമങ്ങളിലൂടെയല്ലാതെ നേടുന്ന എൽ.എൽ.എം ഡിഗ്രികൾ രാജ്യത്തെ നിയമ ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിന്റെ ഏകീകൃത സ്വഭാവത്തെയും നിലവാരത്തെയും ബാധിക്കുമെന്ന് ഉത്തരവിൽ പറയുന്നു. 1961ലെ ആക്ട് പ്രകാരം നിയമ ബിരുദ, ബിരുദാനന്തര കോഴ്സുകൾ കൈകകാര്യം ചെയ്യാനുള്ള നിയമപരമായ അധികാരം തങ്ങൾക്കുമാത്രമാണെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി. യു.ജി.സിക്കോ മറ്റു സ്വയംഭരണ യൂനിവേഴ്സിറ്റികൾക്കോ അതിനുള്ള അധികാരമില്ല. നിയമ അധ്യാപകരാകാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയാണ് എൽ.എൽ.എം. അതിൽ ഏതെങ്കിലും തരത്തിലുള്ള ഇളവു നൽകുന്നത് പ്രൊഫഷനെ ബാധിക്കും. ഇത്തരം വ്യവസ്ഥാ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ബി.സി.ഐയുടെ അധികാര മേഖലയെക്കുറിച്ച് നോട്ടീസ് ഇറക്കാനും അംഗീകരമില്ലാത്ത എൽ.എൽ.എം ഡിഗ്രികൾ റദ്ദാക്കാനും ബി.സി.ഐ ഹൈകോടതികളോട് ആവശ്യപ്പെട്ടു.ആവശ്യമെങ്കിൽ സ്ഥാപനങ്ങളും വ്യക്തികളും കംപ്ലെയിന്റ് വെരിഫിക്കേഷൻ സമർപ്പിക്കേണ്ടി വരും. വിദ്യാർഥികൾക്ക് വിശ്യാസ്യത ഉറപ്പ് നൽകുന്നതിന് അംഗീകാരമില്ലാത്ത കോഴ്സുകൾക്കെതിരെ ജാഗ്രതാ നിർദേശം നൽകാനും ബാർ കൗൺസിൽ കോടതിയോട് ആവശ്യപ്പെടുന്നു.മാർഗ നിർദേശം ലംഘിക്കുന്നവർക്കെതിരെ കോടതി അലക്ഷ്യത്തിനുൾപ്പെടെ നിയമ നടപടിയെടുക്കുന്നതിനുള്ള തീരുമാനത്തിലാണ് ബാർ കൗൺസിൽ.