ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഹിമാചൽ പ്രദേശിലെ കുളുവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ മഴക്കെടുതിയിൽ ഹിമാചലിൽ മരിച്ചവരുടെ എണ്ണം 17 ആയി. 300 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്ക്. കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉത്തരാഖണ്ഡിൽ ബദരിനാഥ് ദേശീയപാത മണ്ണിടിച്ചിലിനെ തുടർന്ന് താത്കാലികമായി അടച്ചു. ഇതേ തുടർന്ന് കേദാർനാഥിലേക്കുള്ള തീർത്ഥാടകർ പലരും വഴിയിൽ കുടുങ്ങി.
രൂദ്രപ്രയാഗിൽ ബസ് നദിയിലേക്ക് മറിഞ്ഞ് കാണാതായ 8 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ശക്തമായ മഴ തുടരുമെന്നും ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനത്ത് തുടരണമെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശം നൽകി. അടുത്ത 7 ദിവസത്തേക്ക് ജമ്മു കശ്മീർ, മധ്യ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.