തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്ന് രാവിലെ പത്ത് മുതൽ ഈമാസം 30ന് വൈകീട്ട് അഞ്ച് വരെ സമർപ്പിക്കാം. മുഖ്യ അലോട്ട്മെൻറിൽ അപേക്ഷിച്ചിട്ടും ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും സപ്ലിമെൻററി അലോട്ട്മെന്റിന് അപേക്ഷിക്കാം. സപ്ലിമെൻററി അലോട്ട്മെന്റിനുള്ള ഒഴിവുകളും മറ്റ് വിവരങ്ങളും ഇന്ന് രാവിലെ ഒമ്പതിന് അഡ്മിഷൻ പോർട്ടലായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. ഏകദേശം 55,000 മെറിറ്റ് സീറ്റുകളാണ് ഒഴിവുള്ളത്. നിലവിൽ ഏതെങ്കിലും േക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും പ്രവേശനം കാൻസൽ ചെയ്തവർക്കും ഏതെങ്കിലും േക്വാട്ടയിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാനാകില്ല. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കാനായി അപേക്ഷ പുതുക്കിനൽകാം. അപേക്ഷകളിലെ പിഴവുകൾ തിരുത്തിയാകണം പുതിയ അപേക്ഷ സമർപ്പിക്കേണ്ടത്. മെറിറ്റ് േക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്മെൻറിനോടൊപ്പം മോഡൽ റസിഡെൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെൻററി അലോട്ട്മെൻറിനുള്ള അപേക്ഷയും ക്ഷണിക്കും. സപ്ലിമെൻററി അലോട്ട്മെൻറുകളെ സംബന്ധിച്ചുള്ള വിശദ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും. സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കാനും മറ്റ് സാങ്കേതിക സഹായങ്ങളും സ്കൂൾ ഹെൽപ് ഡെസ്ക്കുകളിലൂടെ നൽകാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.