വാഷിങ്ടൺ: ഫെഡറൽ നീതിന്യായവ്യവസ്ഥയുമായുള്ള പോരാട്ടത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സുപ്രധാന ജയം. പ്രസിഡന്റിന്റെ ഉത്തരവുകൾ തടയുന്നതിന് ഫെഡറൽ കോടതികളുടെ അധികാരം പരിമിതപ്പെടുത്തുന്ന നിർണായക ഉത്തരവാണ് യു.എസ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രംപിന്റെ ഉത്തരവ് തടഞ്ഞ ഫെഡറൽ കോടതി തീരുമാനത്തിനെതിരെയാണ് യു.എസ് സുപ്രീംകോടതിയിൽ ഹരജിയെത്തിയത്. ഇതിലാണ് ഇപ്പോൾ കോടതിയിൽ നിന്നും നിർണായക ഉത്തരവുണ്ടായിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫെഡറൽ കോടതിയുടെ ഉത്തരവുകൾ ഇനി രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരില്ല. അതാത് സംസ്ഥാനങ്ങളിൽ മാത്രമായിരിക്കും ഇത് ബാധകമാവുക.സുപ്രീംകോടതി ഉത്തരവോടെ ജന്മാവകാശ പൗരത്വം തടയുന്ന ട്രംപിന്റെ ബില്ലിന് വീണ്ടും അംഗീകാരം ലഭിക്കും. ഇതോടെ യു.എസിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വം ലഭിക്കില്ല. നേരത്തെ ട്രംപിന്റെ ഈ ബില്ല് ഫെഡറൽ കോടതികളുടെ വിധിയെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്നു. അതേസമയം, സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. വലിയ തീരുമാനമാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്നായിരുന്നു വിധിയെ കോടതി വിധിയെ സംബന്ധിച്ച ആദ്യ പ്രതികരണം. അതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.